ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പരിധിയിൽ പിങ്ക് പൊലീസിന്റെ പട്രോളിങ് ശക്തമാകുന്നു. കഴിഞ്ഞ 2 മാസത്തിനിടെ 50 പ്രതികളെ അറസ്റ്റ് ചെയ്തു. 50 എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സ്കൂൾ, കോളെജ് പരിസരങ്ങളിൽ പെൺകുട്ടികളുട പിന്നാലെ നടന്ന് കമന്റ് ചെയ്തതിന് 12 കേസുകൾ, ബസ്സ് സ്റ്റാന്റിൽ സ്ത്രീകളെ ശല്യം ചെയ്തതിന് 14 കേസുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്തതിന് 2 കേസുകൾ, ലഹരിക്കടിമപ്പെട്ട് സ്ത്രീകളെ ശല്യം ചെയ്തതിന് 11 കേസുകൾ, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിന് 11 കേസുകൾ എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.
പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ്സുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ കയറി പരിശോധന നടത്തി വരുന്നുണ്ട്.
നഗര കേന്ദ്രങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, സ്കൂളുകൾ, കോളെജുകൾ, ഓഫീസുകൾ, ലേഡീസ് ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ ഷോപ്പിംഗ് മേഖലകൾ എന്നിവിടങ്ങളിൽ പിങ്ക് പൊലീസിന്റെ സ്ഥിരം സാന്നിധ്യമുണ്ട്.
ഓണാഘോഷങ്ങളും മറ്റ് പൊതുപരിപാടികളും നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പരിശോധനകളും നടന്നു വരുന്നുണ്ട്.
തൃശൂർ റൂറൽ ജില്ലയിലെ പിങ്ക് പൊലീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിലാണ്. ഇപ്പോൾ രണ്ട് വാഹനങ്ങളാണ് പിങ്ക് പൊലീസിന് ഉള്ളത്. ഈ വാഹനങ്ങൾ തൃശൂർ റൂറൽ പരിധിയിൽ മുഴുവൻ സഞ്ചരിച്ചാണ് പട്രോളിംഗ് നടത്തുന്നത്.
റൂറൽ വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ ചുമതലയിലുള്ള സബ് ഇൻസ്പെക്ടർ ഇ.യു. സൗമ്യയാണ് ജില്ലയിൽ പിങ്ക് പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പിങ്ക് 1ൽ എഎസ്ഐ-മാരായ ആഗ്നസ്, കവിത, അജിത, സീനിയർ സിവിൽ പൊലീസ് ഓഫീസർ സീമ, സിവിൽ പൊലീസ് ഓഫീസർ സബിത എന്നിവരും
പിങ്ക് 2വിൽ എഎസ്ഐ-മാരായ ദിജി, വാസല, മിനി, ബിന്ദു, ഗിരിജ എന്നിവരുമാണ് പ്രവർത്തിച്ചു വരുന്നത്.
Leave a Reply