ഇരിങ്ങാലക്കുട : പാതയോരങ്ങളിലുള്ള വീടിന്റെ പരിസരം സംരക്ഷിക്കേണ്ട ചുമതല വിട്ടുടമസ്ഥന് തന്നെയാകണമെന്ന നിയമവ്യവസ്ഥ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല ആവശ്യപ്പെട്ടു.
ടാക്സ് പ്രാക്ടീഷണർമാർ അവരുടെ വീടുകളുടെ പാതയോരം സ്വയം ശുചിയാക്കുന്ന ”പരിസരം നിർമ്മലം” എന്ന പദ്ധതിയുടെ മേഖലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്.
പല വിദേശരാജ്യങ്ങളിലും വീടിനോട് ചേർന്നുള്ള റോഡരികും പാതയോരങ്ങളും വൃത്തിയായും മാർഗ്ഗതടസ്സമില്ലാതെയും സൂക്ഷിക്കേണ്ടത് വീട്ടുടമസ്ഥന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. നിയമം അനുസരിക്കാത്തവർക്ക് പിഴയും നിയമ നടപടികളും നേരിടേണ്ടി വരുന്ന സാഹചര്യവും വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
വാർഡ് കൗൺസിലർ വി.എസ്. അശ്വതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മേഖലാ പ്രസിഡന്റ്, കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗം ഫ്രാൻസർ മൈക്കിൾ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ അക്കാഡമിക് കൗൺസിൽ ചെയർമാൻ അഡ്വ. പി. ഉണ്ണികൃഷ്ണൻ, പി.എസ്. രമേഷ് ബാബു, കെ. രതീഷ്, ജോജി ചാക്കോ, മൊഹ്സിൻ തുടങ്ങിയവർ പ്രസംഗിച്ചു.












Leave a Reply