ഇരിങ്ങാലക്കുട : ഏപ്രിലിൽ നടക്കാനിരിക്കുന്ന കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ജില്ലയുടെ പരിധിയിലുള്ള തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
രാജ്യസേവനത്തിലും നിയമപരിപാലനത്തിലും താൽപര്യമുള്ള സേവന സന്നദ്ധർക്ക് പൊലീസ് സേനയോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു മികച്ച അവസരമാണിത്.
18 വയസ്സിനും, 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിമുക്ത ഭടന്മാർ, മുൻ പാരാ മിലിട്ടറി ഉദ്യോഗസ്ഥർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ കേഡറ്റ് കോർപ്സ് എന്നിവർക്കാണ് അവസരം.
മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ മതിയാവാതെ വന്നാൽ നാഷണൽ സർവ്വീസ് സ്കീം വൊളൻ്റിയർമാരെയും പരിഗണിക്കുന്നതാണ്.
താൽപര്യമുള്ളവർ അവരുടെ ബയോഡാറ്റയും ബന്ധപ്പെട്ട മറ്റു വിവരങ്ങളുമായി ഉടനെ അടുത്തുള്ള ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, അന്തിക്കാട്, ആളൂർ, മാള, കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, മലക്കപ്പാറ, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി, കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 ദിവസത്തെ സേവനത്തിനു മതിയായ വേതനം ലഭിക്കുന്നതാണ്.
2026 ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സേവനം ഇത്തവണ വലിയ തോതിൽ ആവശ്യമായിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം ഇരട്ടി ഉദ്യോഗസ്ഥരെ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടതുള്ളതിനാൽ, ഈ മേഖലയിൽ താൽപ്പര്യമുള്ള യോഗ്യരായ വ്യക്തികൾ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
നിങ്ങളുടെ സുഹൃത്തുക്കളോ പരിചയക്കാരോ ഇലക്ഷൻ ഡ്യൂട്ടിക്ക് സന്നദ്ധരാണെങ്കിൽ ഈ വിവരം അവരെ അറിയിക്കുകയും അവരുടെ ബയോഡാറ്റ, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അതാത് പൊലീസ് സ്റ്റേഷനുകളിൽ അടിയന്തരമായി അപേക്ഷ നൽകാൻ നിർദ്ദേശിക്കുകയും ചെയ്യണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.












Leave a Reply