നല്ല ജീവനപ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേരള നല്ലജീവന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അന്തർജില്ലാ സൈക്കിൾ യാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന സൈക്കിൾ യാത്രക്ക് കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

നല്ലജീവന പ്രസ്ഥാനം സെക്രട്ടറി ഡോ. ജയമോഹനാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.

രണ്ട് വയസ്സുകാരി അമൃത ഉൾപ്പെടെ പ്രായഭേദമെന്യേ മുപ്പതോളം പേരാണ് പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കുക എന്ന സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള സൈക്കിൾ യാത്രയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിന് സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിസ്ഥിതി ആരോഗ്യ കൂട്ടായ്മയിലൂടെ പ്രകൃതിയോടിണങ്ങിയ ജീവിതചര്യയായ ഓർത്തോപ്പതിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽപ്പെട്ടതാണ് സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ.

സൈക്കിൾ യാത്രക്ക് പ്രത്യേക പാത നിർമ്മിക്കുക, സൈക്കിൾ യാത്രയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ട് ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകുക എന്നീ സന്ദേശങ്ങളാണ് ഈ യാത്രയുടെ ഉദ്ദേശലക്ഷ്യമെന്ന് ഡോ. ജയമോഹൻ വ്യക്തമാക്കി.

സ്വീകരണയോഗത്തിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി. സായ്റാം സ്വാഗതവും വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ സ്ഥിരമായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ ചടങ്ങിൽ ആദരിച്ചു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു, ഒ.എൻ. സുരേഷ്, ഹരികുമാർ തളിയക്കാട്ടിൽ എന്നിവർ
നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *