നഗരസഭാ പരിധികളിലെ പ്രവൃത്തികൾ കൃത്യമായി നടക്കുന്നില്ല ; കരാറുകാരുടെ യഥാർത്ഥ പ്രശ്നം പരിശോധിക്കണമെന്ന് കൗൺസിലർമാർ

ഇരിങ്ങാലക്കുട : നഗരസഭയിലെ 41 വാർഡുകളിലും ടെൻഡർ കഴിഞ്ഞ പ്രവൃത്തികൾ പാതിവഴിയിൽ കിടക്കുന്നതിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു.

കരാറുകാരോട് ചോദിക്കുമ്പോൾ ബില്ല് പാസായി പണം കിട്ടാത്തതാണ് പ്രശ്നമെന്ന് പറയുന്നുണ്ടെങ്കിലും അതല്ലാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പ്രവൃത്തികൾ താമസിപ്പിക്കുന്നതിന്റെ യഥാർത്ഥ കാരണം ബന്ധപ്പെട്ടവർ കണ്ടെത്തണമെന്നും സി.സി. ഷിബിൻ ആവശ്യപ്പെട്ടു.

നിലവിലെ കൗൺസിലിന്റെ കാലാവധി പൂർത്തീകരിക്കുന്നതിന് മുൻപേ തന്നെ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാനും പുതിയ പ്രവർത്തികൾ തുടങ്ങിവയ്ക്കാനുമുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കണമെന്നും അതിനായി നഗരസഭ എൻജിനീയർമാർക്ക് ആവശ്യമായ സമയം നീക്കിവെക്കാൻ അനുവാദം നൽകണമെന്നും അഡ്വ. കെ.ആർ. വിജയയും ആവശ്യപ്പെട്ടു.

നിലവിൽ കരാറുകാരുടെ 15 ബില്ലുകൾ കൊടുത്തിട്ടുണ്ടെന്നും 18 ബില്ലുകൾ തൊട്ടടുത്ത ദിവസം തന്നെ കൊടുക്കുമെന്നും അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

കരാറുകാർ പലയിടത്തും മനപ്പൂർവ്വം പ്രവൃത്തികൾ വൈകിപ്പിക്കുന്നുണ്ടെന്നും മഴയുണ്ടെങ്കിലും ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ പോലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെയ്യുന്നില്ലെന്നും സി.സി. ഷിബിൻ ചൂണ്ടിക്കാട്ടി.

നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന കരാറുകാരെ എന്തിനാണ് നമ്മൾ ചുമക്കുന്നതെന്ന് സന്തോഷ് ബോബനും ചോദ്യമുയർത്തി.

റെജുവിനേഷൻ ഓഫ് വാട്ടർ ബോഡീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന കാട്ടാമ്പള്ളിക്കുളം നവീകരണം, കൊല്ലംകുളം നവീകരണം, ശാരദകുളം നവീകരണം എന്നിവയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിനാൽ പദ്ധതി പണം നഷ്ടപ്പെടാതിരിക്കാൻ പകരം വാർഡ് 5ലെ കണക്കൻ കുളം, വാർഡ് 35 തുറുകായ്കുളം എന്നീ കുളങ്ങൾ ഉൾപ്പെടുത്താമെന്നും കൗൺസിൽ തീരുമാനിച്ചു.

നിലവിൽ പുനരുദ്ധാരണം കഴിഞ്ഞിട്ടുള്ള തുറുകായ്കുളത്തിലെ ചെളി നീക്കം ചെയ്ത് നീന്തൽ പഠിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഈ പദ്ധതിയിലൂടെ നടപ്പിലാക്കാനാണ് തീരുമാനം.

നിരവധിയാളുകൾ നീന്താൻ വരുന്ന നഗരമധ്യത്തിലെ ഞവരിക്കുളത്തിൻ്റെ കുറുകെ സ്വന്തം ചെലവിൽ കയറുകെട്ടി ബോളുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി സെക്രട്ടറിക്ക് കത്ത് നൽകിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൗൺസിലിൽ അജണ്ടയായി വരാത്തതിൽ കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ പ്രതിഷേധം അറിയിച്ചു.

അടിയന്തിര നടപടി വേണ്ട വിഷയമായതിനാൽ നേരിട്ട് അനുമതി നൽകാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി എം.എച്ച്. ഷാജിക്ക് മറുപടി നൽകി.

15 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *