തൃശൂർ : എണ്ണിയാലൊടുങ്ങാത്ത തൊഴിലാളി സമരങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും നടന്ന തൃശൂർ തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്ന നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ് എന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.
എഐടിയുസി തൃശൂർ ജില്ലാ ഏകദിന സംഘടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ആദ്യത്തെ മെയ്ദിന റാലി നടന്നത് തൃശൂർ പട്ടണത്തിലാണ്. കെ.കെ. വാര്യർ, എം.എ. കാക്കു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഏഴു തൊഴിലാളികൾ ചെങ്കൊടിയേന്തി തേക്കിൻകാടിന് ചുറ്റുമുള്ള സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തിയത് 1935ലാണ്. മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ മണികണ്ഠനാൽ പ്രസംഗവും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ വിദ്യാർത്ഥി കോർണറിലെ പ്രസംഗവുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ഭാഗമാണ്. അതിനെയെല്ലാം വിസ്മരിക്കാനും ചരിത്രനിരാസം നടത്താനും ആരെങ്കിലും ശ്രമിച്ചാൽ അത് വിലപ്പോവുകയില്ല. തൊഴിലാളികൾക്ക് അവകാശപ്പെട്ട തേക്കിൻകാട് മൈതാനത്തെ വീണ്ടെടുക്കാൻ ട്രേഡ് യൂണിയനുകൾ പ്രക്ഷോഭരംഗത്തിറങ്ങേണ്ട സമയമാണിത്. കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടി തയ്യാറാക്കിയ കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ- കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി തൊഴിലാളി യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളെ പൊളിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് നരേന്ദ്രമോദിയും സംഘവും. ഈ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കഴിവും ശേഷിയും ഉള്ള ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന തൊഴിലാളി – കർഷക കൂട്ടായ്മയുടെ സമരച്ചൂടിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് സർക്കാർ വെന്തുരുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. വത്സരാജ്, എം. രാധാകൃഷ്ണൻ, ഐ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പി.പി. ഷൈലേഷ് രക്തസാക്ഷി പ്രമേയവും അഡ്വ. പി.കെ. ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മുതിർന്ന നേതാവ് പി.കെ. കൃഷ്ണൻ പതാക ഉയർത്തി.
ഓൺലൈൻ രംഗത്തെ തൊഴിലാളികൾക്ക് മാന്യമായ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം, പിരിച്ചുവിട്ട സി-ഡിറ്റ് തൊഴിലാളികളെ സർവ്വീസിൽ തിരിച്ചെടുക്കണം, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉറപ്പാക്കണം, തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, ലോട്ടറിയുടെ ജി.എസ്.ടി. വർദ്ധന പിൻവലിക്കണം, ചേറ്റുവ ഹാർബറിലെ ജൂനിയർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നീ പ്രമേയങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ച് പാസാക്കി.
എഐടിയുസി തൃശൂർ ജില്ലാ പ്രസിഡൻ്റായി വി.എസ്. പ്രിൻസ്, ജില്ലാ സെക്രട്ടറിയായി ടി.കെ. സുധീഷ് എന്നിവരെയും ജില്ലാ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായി രാഗേഷ് കണിയാംപറമ്പിലിനെയും തെരഞ്ഞെടുത്തു.












Leave a Reply