ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്ന മുതൽ കൂർക്കഞ്ചേരി വരെയുള്ള നിർമ്മാണം മാർച്ച് 30നുളളിൽ പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.
കരൂപ്പടന്ന മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ടാറിംഗ് നിർമ്മാണം വേറെ കോൺട്രാക്ടർ നടത്തുമെന്നും ദ്രുതഗതിയിൽ അനുബന്ധ നടപടികൾ നടക്കുകയാണെന്നുമാണ് കെ.എസ്.ടി.പി. വ്യക്തമാക്കിയത്.
ഫെബ്രുവരി 28നുള്ളിൽ ഈ വർക്ക് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതി കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർക്ക് ഉത്തരവു നൽകിയ സാഹചര്യത്തിലാണ് ഒരു മാസംകൂടി വേണമെന്ന് കെ.എസ്.ടി.പി. ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ റോഡിൻ്റെ ഗുണനിലവാരവും ഇതുവരെയുള്ള വർക്കിൻ്റെ റിപ്പോർട്ടും സമർപ്പിക്കാൻ ധനകാര്യവകുപ്പിൻ്റെ കീഴിലുള്ള ചീഫ് ടെക്കനിക്കൽ എക്സാമിനറെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. ഷാനവാസ് കാട്ടകത്ത് കോടതിയിൽ ഇടക്കാല ഹർജി സമർപ്പിച്ചിട്ടുണ്ട്.
സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ആറു പ്രാവശ്യം കെ.എസ്.ടി.പി.ക്ക് നോട്ടീസ് അയച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ പി.എ. സീതിമാസ്റ്റർ, പി.എ. കരുണാകരൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.












Leave a Reply