ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലുള്ള റോഡിലെ കുഴിയിൽ പെട്ട് സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്കേറ്റു.
താണിശ്ശേരി തറയിൽ പരേതനായ സിബിന്റെ
ഭാര്യ നീനു (33), മകൻ നയൻകൃഷ്ണ (9) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ മകനെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരിങ്ങാലക്കുട നഗരസഭയിലെ 29, 30 വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡിൽ വിന്നേഴ്സ‌് ക്ലബ്ബിന് മുന്നിലുള്ള കുഴിയിൽ പെട്ടായിരുന്നു അപകടം. തകർന്നു കിടക്കുന്ന റോഡിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുഴിയുടെ ആഴം മനസ്സിലായില്ലെന്നും സ്കൂട്ടറിന്റെ ചക്രം കുഴിയിൽ പെട്ട് സ്കൂട്ടർ മറിയുകയായിരുന്നു എന്നും നീനു പറഞ്ഞു.
അപകടത്തിൽ നീനുവിൻ്റെ ഇടതുകൈ ഒടിഞ്ഞു. പല്ല് ഒരെണ്ണം ഭാഗികമായി പൊട്ടിപ്പോയി. ചുണ്ടിനടിയിൽ രണ്ട് തുന്നൽ ഇട്ടിട്ടുണ്ട്. മകൻ നയൻ കൃഷ്ണയുടെ ഇടതു കാൽമുട്ടിന് ചതവുപറ്റി. ഇരുവരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
നഗരസഭ പരിധിയിൽ പെട്ട റോഡുകൾ പലതും ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്താതെ കുണ്ടും കുഴിയുമായി കിടപ്പാണ്.
Leave a Reply