ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ റോഡ് നിർമ്മാണത്തിൽ കെ.എസ്.ടി.പി.യുടെ ഭാഗത്തു നിന്ന് നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശിച്ചു.
കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിലെ പുരോഗതി വിലയിരുത്തുന്നതിന് തൃശൂർ രാമനിലയത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് ഇക്കാര്യം അറിയിച്ചത്.
ഠാണാ- ചന്തക്കുന്ന് റോഡ് വികസനമടക്കം തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും ഫെബ്രുവരി 28ന് പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഠാണാ-ചന്തക്കുന്ന് റോഡിൽ ചാലക്കുടി ഭാഗത്തേക്കും മൂന്നുപീടിക ഭാഗത്തേക്കുമുള്ള റോഡ് നിർമാണത്തിന്റെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ഈ ഭാഗങ്ങളിലെ ഡ്രൈനേജ് വർക്കുകൾ പുരോഗമിക്കുകയാണെന്നും 10 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഠാണാ- ചന്തക്കുന്ന് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പുരോഗമിക്കുകയാണ്. ഉടനെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. കെ.എസ്.ടി.പി. നിർമ്മാണത്തിൽ ഠാണാ ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള കാന നിർമാണത്തിൽ അപാകതകളൊന്നും സംഭവിച്ചിട്ടില്ല എന്നും കാനനിർമ്മാണം അവസാനിച്ച ശേഷം നടപ്പാത നിർമ്മാണം ആരംഭിക്കുമെന്നും കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ പറഞ്ഞു.
പുത്തൻതോട് മുതൽ ആറാട്ടുപുഴ വരെയുള്ള റോഡ് ഒക്ടോബർ 5ന് തുറന്നു നൽകും.
കരുവന്നൂർ മുതൽ പൂതംകുളം വരെയുള്ള റോഡിൽ ഇട റോഡുകളുടെ ബാക്കി നിൽക്കുന്ന നിർമ്മാണം ഉടനെ പൂർത്തീകരിക്കും.
ക്രൈസ്റ്റ് കോളെജ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനു ള്ള ചെറിയ ഭാഗം സെപ്റ്റംബർ 30നുള്ളിൽ പൂർത്തീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
സബ് കളക്ടർ അഖിൽ വി. മേനോൻ, കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്ന, കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ, പൊലീസ്, ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ, ബസ്സുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Leave a Reply