ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.
പ്രകൃതിയുടെ സൗന്ദര്യത്തെ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയിൽ പുത്തൻ കാഴ്ചപ്പാടോടുകൂടി സംസ്ഥാനം മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവർ വിശിഷ്ടാതിഥികളായി.
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ 50 ലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎൽഎ ഡോ. ആർ. ബിന്ദുവിന്റെ വികസന നിധിയിൽ നിന്നും 25 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 21 ലക്ഷം രൂപയും കൂടി ഉപയോഗപ്പെടുത്തിയാണ് പൊതുമ്പുചിറയോരം പദ്ധതി യാഥാർഥ്യമാക്കിയത്.
പദ്ധതിപ്രദേശത്തേക്കുള്ള ആമ്പിപ്പാടം – പൊതുമ്പുചിറ റോഡും ഡോ. ആർ. ബിന്ദുവിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ചിരുന്നു.
പദ്ധതി മൂന്നു ഘട്ടങ്ങളിലായിട്ടാണ് പൂർണ്ണരൂപത്തിലെത്തുക.
ചിറയോരത്തെ പ്രകാശവിതാനം, ഇരിപ്പിടങ്ങളൊരുക്കൽ, വ്യൂ പോയിൻ്റ്, ഹാപ്പിനസ് പാർക്ക്, കോഫീ ഷോപ്പ്, കനോപ്പി, ശുചിമുറികൾ, ഓപ്പൺ ജിം, ഫൗണ്ടൻ തുടങ്ങിയവ അടങ്ങിയ ഒന്നും രണ്ടും ഘട്ടങ്ങളാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്.
പൊതുമ്പുചിറയുടെ ആകെ സൗന്ദര്യവത്ക്കരണം ഇതിനായി പൂർത്തിയാക്കി. പദ്ധതിപ്രദേശമാകെ സി.സി.ടി.വി. നിരീക്ഷണത്തിലാക്കി സുരക്ഷിതത്വവും ഒരുക്കിയിട്ടുണ്ട്.
മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, തൃശൂർ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേംദാസ്, ബ്ലോക്ക് പഞ്ചായത്ത്, മുരിയാട്, വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. എ. ബാലചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, കുടുംബശ്രീ ചെയർപേഴ്സൺ സുനിത രവി, അസിസ്റ്റന്റ് എൻജിനീയർ സിമി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.












Leave a Reply