ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ആർമി ഡേയുടെ ഭാഗമായി ‘ജൻ ഗണ മൻ 2.0’ എന്ന എൻ.സി.സി. എക്സ്പോ കോളെജ് ക്യാമ്പസിൽ സംഘടിപ്പിച്ചു.
രാജ്യരക്ഷ, ഇന്ത്യൻ സായുധ സേന, എൻ.സി.സി. പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യം.
23 കെ ബറ്റാലിയൻ എൻ.സി.സി.യുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ സുനിൽ നായർ എക്സ്പോ ഉദ്ഘാടനം ചെയ്തു.
ശാസനയും ദേശസ്നേഹവും ഉത്തരവാദിത്വബോധവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സന്ദേശം നൽകി.
രാഷ്ട്രനിർമാണത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും എൻ.സി.സി. പോലുള്ള പ്രസ്ഥാനങ്ങൾ അതിന് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സ്പോയിലെ പ്രധാന ആകർഷണം എൻ.സി.സി. കേഡറ്റുകൾ തയ്യാറാക്കിയ ചെറുമോഡലുകളായിരുന്നു. ഇന്ത്യൻ സേന, നാവികസേന, വ്യോമസേന എന്നിവയെ ആസ്പദമാക്കിയ മോഡലുകൾക്കൊപ്പം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളും തന്ത്രപ്രധാന പ്രവർത്തനങ്ങളുമാണ് അവതരിപ്പിച്ചത്.
എൻ.സി.സി. പരിശീലനം, ക്യാമ്പുകൾ, ഘടന എന്നിവ വ്യക്തമാക്കുന്ന മോഡലുകളും പ്രദർശിപ്പിച്ചു.
അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലഫ്റ്റനൻ്റ് ഡോ. ഫ്രാങ്കോ ടി. ഫ്രാൻസിസിൻ്റെ മേൽനോട്ടത്തിലും സീനിയർ കേഡറ്റ് ശബരിനാഥ് ജയൻ്റെ നേതൃത്വത്തിലുമായിരുന്നു പരിപാടി.
വിദ്യാർഥികളും സന്ദർശകരും സജീവമായി പങ്കെടുത്ത എക്സ്പോ ദേശസ്നേഹത്തിന്റെ ശക്തമായ സന്ദേശം നൽകിക്കൊണ്ടാണ് സമാപിച്ചത്.












Leave a Reply