ഇരിങ്ങാലക്കുട : ചേലൂർ സെന്ററിൽ ബസ്സ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസ്സിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജനുവരി 30ന് രാവിലെ 8.55 ഓടെയായിരുന്നു സംഭവം.
തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ ബസ്സിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി അഷ്റഫിന് (25) നേരെയാണ് ആക്രമണമുണ്ടായത്.
ചേലൂർ സെന്ററിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പ്രതികൾ അസഭ്യം പറഞ്ഞ് ബസ്സിന്റെ ഡോറിൽ നിൽക്കുകയായിരുന്ന കണ്ടക്ടറെ റോഡിലേക്ക് വലിച്ചിട്ട് ഇരുമ്പ് ദണ്ഡ് കൊണ്ടടിക്കാൻ ശ്രമിച്ചപ്പോൾ അഷ്റഫ് ഒഴിഞ്ഞുമാറിയതിനാൽ അടി ബസ്സിന്റെ ക്വാട്ടർ ഗ്ലാസിൽ കൊള്ളുകയായിരുന്നു.
അക്രമത്തിൽ ബസ്സിന്റെ ഗ്ലാസ് തകരുകയും ഏകദേശം 5,000 രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനായുള്ള വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐ മാരായ ഇ.യു. സൗമ്യ, ടി.ഡി. അനിൽ, ജിഎസ്ഐ പ്രീജു, സിപിഒ മാരായ പ്രദീപ്, കിഷോർ, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply