ഇരിങ്ങാലക്കുട : നാടക പ്രവർത്തകരായ മോഹൻ രാഘവൻ്റെയും കെ.കെ. സുബ്രഹ്മണ്യൻ്റെയും പേരിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നൽകിവരുന്ന നാടക പുരസ്കാരം ഈ വർഷം പ്രമുഖ നാടക പ്രവർത്തകൻ ജോബ് മഠത്തിലിന് നൽകും. 15000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
പ്രമുഖ നാടക പ്രവർത്തകരായ സജിത മഠത്തിൽ, ശശിധരൻ നടുവിൽ, വി.ഡി. പ്രേംപ്രസാദ് എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി മലയാളനാടകവേദിയിൽ നടനായും സംവിധായകനായും നിറഞ്ഞ് പ്രവർത്തിക്കുന്ന നാടക പ്രതിഭയാണ് ജോബ്.
ഫ്രാൻസിസ് നെരോണയുടെ ‘കക്കുകളി’, കെ.ആർ. രമേഷിൻ്റെ ‘ഭക്തക്രിയ’, ജയമോഹൻ്റെ ‘മാടൻമോക്ഷം’ എന്നീ ശ്രദ്ധേയങ്ങളായ നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.
കേരള സംഗീതനാടക അക്കാദമിയുടെ ഇൻ്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവെൽ, അമച്ച്വർ നാടക മത്സരം എന്നിവയിൽ മികച്ച അംഗീകാരങ്ങൾ ലഭിച്ച നാടകങ്ങൾ ജോബ് അവതരിപ്പിച്ചിട്ടുണ്ട്.
അബുദാബി ശക്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന
ഭരത് മുരളി നാടകോത്സവത്തിലും ജോബ് സംവിധാനം നിർവഹിച്ച നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്.
നാം ജീവിക്കുന്ന ഇരുളടഞ്ഞ കാലത്തെ സത്യസന്ധമായി, സർഗ്ഗാത്മകമായി ആവിഷ്കരിക്കാനുള്ള അസാമാന്യമായ കഴിവിനുള്ള അംഗീകാരമായാണ് ഈ വർഷത്തെ മോഹൻ രാഘവൻ – സുബ്രഹ്മണ്യൻ സ്മാരക നാടക പുരസ്കാരം ജോബിന് നൽകാൻ ജൂറി ഏകകണ്ഠമായി തീരുമാനമെടുത്തത്.
ഒക്ടോബർ 20 ശനിയാഴ്ച 5 മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും. തുടർന്ന് നാടകാവതരണവും ഉണ്ടാകും.












Leave a Reply