ഇരിങ്ങാലക്കുട : ടെലിവിഷൻ്റെയും ഡിജിറ്റൽ സിനിമകളുടെയും കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനുണ്ടായ സ്തംഭനാവസ്ഥയെ മറികടക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടാകേണ്ടതുണ്ടെന്ന് പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു.
ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്
‘നവ മലയാള സിനിമയുടെ ദിശാ പരിണാമങ്ങൾ ‘ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന അവസ്ഥയേയും ചരിത്രത്തേയും പുനഃപരിശോധിക്കാനും പുതിയ വെളിച്ചത്തിൽ കാണാനുമുള്ള വേദിയായി ഫിലിം സൊസൈറ്റികൾ മാറേണ്ടതുണ്ട്. സെല്ലുലോയ്ഡ് സിനിമാ സങ്കല്പത്തിൽനിന്ന് ഡിജിറ്റൽ സിനിമാ സങ്കല്പത്തിലേക്കുള്ള മാറ്റം താരാധിപത്യം പോലുള്ള എല്ലാ ആലഭാരങ്ങളെയും ഉപേക്ഷിക്കാൻ ചലച്ചിത്ര മേഖലയെ പ്രാപ്തമാക്കി എന്നും വെങ്കിടേശൻ പറഞ്ഞു.
പ്രസിഡൻ്റ് യു.എസ്. അജയകുമാർ അധ്യക്ഷനായി.
സെക്രട്ടറി വി.പി. ഗൗതം,
ജോയിൻ്റ് സെക്രട്ടറി വിത്സൻ ആൻ്റണി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കൃഷാന്ത് സംവിധാനം ചെയ്ത സിനിമ ‘സംഘർഷ ഘടന’ പ്രദർശിപ്പിച്ചു.
സിനിമയുടെ സൗണ്ട് ഡിസൈനർ പ്രശാന്ത് പി. മേനോനും മറ്റ് അണിയറ പ്രവർത്തകരുമായുള്ള സംവാദത്തിൽ കെ.എസ്. റാഫി, കരീം കെ. പുറം, ഡോ. വി.പി. ജിഷ്ണു, സുബാമണി എന്നിവർ പങ്കെടുത്തു.
എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ മലയാളത്തിലെയും വിവിധ ഇന്ത്യൻ ഭാഷകളിലെയും ലോക ഭാഷകളിലെയും ക്ലാസ്സിക് സിനിമകൾ പ്രദർശിപ്പിക്കും.
പ്രദർശനത്തെ തുടർന്ന് സംവിധായകരും ചലച്ചിത്ര രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും നടത്തും.












Leave a Reply