ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളെജ് ഓഡിറ്റോറിയത്തിൽ ജനുവരി 17ന് അരങ്ങേറും.
ആർട്സ് കേരളയിൽ ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട് മത്സരങ്ങളോടൊപ്പം ഈ വർഷം മുതൽ തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും.
രാവിലെ 9.30ന് ഗ്രൂപ്പ് ഡാൻസ് മത്സരം ആരംഭിക്കും.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുനഃസംഘടിപ്പിച്ച ആർട്സ് കേരള മത്സരം ഓരോ വർഷവും കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ കലാലയങ്ങളെയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്.
ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ.പി. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകും.
രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി 15000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.
കൂടാതെ കോളെജിലെ മുൻ സ്റ്റാഫും പ്രശസ്ത ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
നാടൻപാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എൽ. ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
രണ്ടാം സമ്മാനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ്.
ഈ വർഷം മുതൽ ആർട്സ് കേരള ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് സമ്മാനമായി യഥാക്രമം 20,000, 15,000, 10,000 രൂപയും സമ്മാനമായി നൽകും.
യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻ്റർ- സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970കളിൽ സംസ്ഥാനതലത്തിൽ കോളെജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളെജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള.
മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളായിരുന്ന പ്രേം നസീർ, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു.
പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാമേളയാണ് ആർട്സ് കേരള എന്ന പേരിൽ ക്രൈസ്റ്റ് കോളെജിൽ പുനഃസംഘടിപ്പിക്കുന്നത്.












Leave a Reply