ഇരിങ്ങാലക്കുട : ക്രിസ്‌തുവിൻ്റെ സ്നേഹവും കരുണയും ചുറ്റിലുമുള്ള സഹോദരങ്ങളിലേക്ക് പകരുമ്പോഴാണ് ക്രൈസ്‌തവ ജീവിതം പൂർണമാകുന്നതെന്ന് മാർ പോളി കണ്ണൂക്കാടൻ.
ഇരിങ്ങാലക്കുട രൂപത 17-ാം പാസ്റ്ററൽ കൗൺസിലിൻ്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയും ദാരിദ്ര്യവും മൂലം പതിനായിരങ്ങൾ നരകയാതന അനുഭവിക്കുന്നുണ്ട്. എങ്കിലും പൊതുസമൂഹവും ഭരണകൂടങ്ങളും അവരോട് വേണ്ടത്ര പരിഗണന കാണിക്കുനില്ല. ഈ സാഹചര്യത്തിൽ പങ്കുവയ്‌പ്പിന്റെയും നീതിയുടെയും പാതയിൽ പ്രവർത്തിക്കാൻ ക്രൈസ്തവ വിശ്വാസികൾ കൂടുതൽ ജാഗ്രത പുലർത്തണം. ക്രൈസ്‌തവ മൂല്യങ്ങളും വിശ്വാസവും നമ്മുടെ പ്രവൃത്തികളാൽ നീതികരിക്കപ്പെടണം. ഇതാണ് യഥാർത്ഥത്തിൽ ഓരോ ക്രൈസ്തവനും നിർവഹിക്കേണ്ട വിശ്വാസസാക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവ. ഡോ. ജോർജ്ജ് തെക്കേക്കര മുഖ്യപ്രഭാഷണം നടത്തി.
വികാരി ജനറൽ ജോളി വടക്കൻ, റവ. ഡോ. ലാസർ കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.
പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയായി റവ. ഡോ. റിജോയ് പഴയാറ്റിൽ, സെക്രട്ടറിമാരായി ജിയോ ജോസ്, ആൻലിൻ ഫ്രാൻസിസ് എന്നിവരെ തിരഞ്ഞെടുത്തു.
അജണ്ട കമ്മിറ്റിയിലേക്ക് റവ. സിസ്റ്റർ ട്രീസ ജോസഫ്, ലിംസൺ ഊക്കൻ, ഷൈനി ജോജോ എന്നിവരെയും ജീസസ് ട്രെയിനിങ് കോളെജ്, ബിഎൽഎം, എജ്യുക്കേഷണൽ ഏജൻസി എന്നിവയിലേക്കുള്ള പ്രതിനിധികളായി യഥാക്രമം ഷാജൻ കൊടിയൻ, വർഗ്ഗീസ് ചുള്ളിപ്പറമ്പിൽ, ഡോ. ജോർജ്ജ് കോലഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റിൽ നന്ദി പറഞ്ഞു.
Leave a Reply