ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023- 24 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി കഴിഞ്ഞതായും മന്ത്രി ബിന്ദു പറഞ്ഞു.
കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന കർഷകരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ ജലത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയിൽ ക്രമപ്പെടുത്താനാകും. ഇത് മുരിയാട്, ആനന്ദപുരം, മാപ്രണം, ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, പറപ്പൂക്കര മേഖലകളിലെ കർഷകർക്ക് ഉപകാരപ്രദമാകും.
പദ്ധതിയുടെ ഭാഗമായ സിവിൽ വർക്കുകൾക്കായി 9,15,18,000 രൂപയും, മെക്കാനിക്കൽ വർക്കുകൾക്കായി 2,91,00,000 രൂപയും അനുവദിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായിരിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.












Leave a Reply