കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി.

2022 ഏപ്രിൽ 13ന് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം ഓഫീസിന്റെ മുൻവശത്തെ വരാന്തയിൽ ഇടുക്കി ജില്ലയിലെ മാങ്കുളം പാമ്പുകയംകര സ്വദേശി പുല്ലാനി കിഴക്കേതിൽ വീട്ടിൽ അജയകുമാർ (50) എന്നയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഇയാളെ സ്കൂളിലെ വാച്ച്മാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് അജയകുമാറിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ കേസിലെ പ്രതിയായ കണ്ണൂർ തളിപറമ്പ് പഴശ്ശി മയ്യിൽ സ്വദേശി ദീപക്കി(28)നെ 2022 മെയ് 23ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

റിമാന്റിൽ കഴിഞ്ഞ് വരവെ ജാമ്യം ലഭിച്ച പ്രതി വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറണ്ട് പ്രകാരമാണ് ഇയാളെ കണ്ണൂർ തലശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്.സി.പി.ഒ.മാരായ ദേവഷ്, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *