ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പൊലീസ് പിടിയിൽ.
2021ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായി യുവതിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ഈ തുക നൽകാത്തതിലുള്ള വൈരാഗ്യത്താൽ സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും അശ്ലീല സന്ദേശങ്ങളും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചുകൊടുത്ത് യുവതിക്ക് മാനഹാനി വരുത്തിയ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട സൈബർ പൊലീസ് ആച്ചു എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് (34) എന്നയാളെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്കായി നിരന്തരം ഹാജരാകാതെ മുങ്ങി നടന്നിരുന്ന ആഷിക്കിനെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരം അന്വേഷണം നടത്തി വരവെ ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സും പൊലീസും ചേർന്ന് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റിയാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.
ആഷിക്ക് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സ്ത്രീകളെ മാനഹാനി വരുത്തിയ കേസുകളിലും ഉൾപ്പെടെ പത്ത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ ഷിബു വാസു, അനീഷ് പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Leave a Reply