ഇരിങ്ങാലക്കുട : ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 8ന് രാവിലെ 8.30ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശിപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് പ്രശ്നചിന്തയോടെ അഷ്ടമംഗല പ്രശ്നം നടത്തുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.
17 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം നടക്കുന്നത്. 2008 സെപ്തംബർ 4നാണ് ഇവിടെ അവസാനമായി അഷ്ടമംഗല പ്രശ്നം നടന്നത്.
ഉപസ്ഥാനങ്ങളിലേതുൾപ്പെടെ 12ഓളം വിഷയങ്ങളുടെ പ്രശ്ന ചിന്തകളാണ് അഷ്ടമംഗല പ്രശ്നത്തിൽ വരുക.
ആമയൂർ വേണുഗോപാല പണിക്കർ, കൂറ്റനാട് രാവുണ്ണി പണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്നം നടത്തുന്നത്.
മുമ്പ് അഷ്ടമംഗല പ്രശ്നത്തിൽ വരുന്ന പ്രശ്നചിന്തകൾ ശാസനങ്ങളായും ഓലകളായും മറ്റും എഴുതി സൂക്ഷിച്ചിരുന്നതിന് പകരം കാലോചിതമായ മാറ്റം എന്ന നിലയിൽ ഇപ്രാവശ്യത്തെ അഷ്ടമംഗല പ്രശ്നം വരും തലമുറയ്ക്ക് ഉപകാരപ്പെടും വിധം പൂർണമായും റെക്കോർഡ് ചെയ്തു സൂക്ഷിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.











Leave a Reply