ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖാന്തിരം കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി നിയമനം ലഭിച്ച കെ.എസ്. അനുരാഗിനെ പ്രസ്തുത തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ച കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെയും നിയമനം നേടിയ കെ.എസ്. അനുരാഗിനെയും അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയുള്ള നിയമനത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജ്ജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും സംബന്ധിച്ച ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ളതാണെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കുകയെന്ന ചുമതല നിറവേറ്റുക വഴി ദേവസ്വം നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യത്തെ പ്രവർത്തികമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നീതിക്കു വേണ്ടിയുള്ള കോടതിയുടെയും കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയുടെയും ഇടപെടലുകളെ അംഗീകരിക്കാനും വിവാദരഹിതമായി ഈ തീരുമാനത്തെ സ്വീകരിക്കാനും ഏവർക്കും കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഓർമ്മിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തി ക്ഷേത്രം തന്ത്രിമാർ ദേവസ്വത്തിന് കത്ത് നൽകിയെന്നത് ഖേദകരമാണെന്നും പരമ്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ചുള്ള ചാതുർവർണ്യ ആശയങ്ങൾ എന്നേ കാലഹരണപ്പെട്ടവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആധുനിക ജനാധിപത്യ സമൂഹത്തിന് ചേരാത്ത അത്തരം ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ അപലപനീയമാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.












Leave a Reply