ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ടെന്ന് വാര്യർ സമാജം.
നിയമവ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ചു കൊണ്ട് ആചാരങ്ങളിൽ കൈകടത്താൻ ഭരണസമിതി മുതിരുന്നത് പ്രതിഷേധാർഹമാണെന്നും സമസ്ത കേരളം വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം ആരോപിച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു കൊണ്ട് ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി ക്ഷേത്രത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്കായ തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികൾ തികച്ചും അപലനീയവും പ്രതിഷേധാർഹവുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവർത്തി കുടുംബാംഗമായ തെക്കേ വാരിയത്തെ ടി.വി. ഹരികൃഷ്ണന് കാരായ്മ കഴകം നിലനിർത്തി കിട്ടുന്നതിന് കോടതിയെ സമീപിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകുവാനും സമസ്തകേരള വാര്യർ സമാജത്തിൻ്റെ ഇരിങ്ങാലക്കുട യൂണിറ്റ് യോഗം തീരുമാനിച്ചു.
പ്രസിഡൻ്റ് പി.വി. രുദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി, കെ.വി. രാജീവ് വാര്യർ എന്നിവർ പ്രസംഗിച്ചു.
Leave a Reply