ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറേ ഭാഗത്തുള്ള കാഞ്ഞിരത്തോട് റോഡിൽ മാതാ അമൃതാനന്ദമയി മഠത്തിൻ്റെ തൊട്ടു മുൻവശത്ത് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് ടൈൽ വിരിച്ച് നേരെയാക്കിയപ്പോൾ ആശ്വാസമായെന്നാണ് നാട്ടുകാരും യാത്രക്കാരും കരുതിയത്. എന്നാൽ ആശ്വസിക്കാൻ കഴിയാത്ത വിധം ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും യാത്രക്കാരും.
ഇറക്കത്തോടെയുള്ള വളവ് കഴിഞ്ഞ് വരുന്ന ഭാഗത്തായതിനാൽ ഇവിടെ ടാറിംഗ് റോഡ് താഴ്ന്നും ടൈൽ വിരിച്ച ഭാഗം ഉയർന്നുമാണ് നിൽക്കുന്നത്. ഇതാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ചെറിയ മഴ പെയ്താൽ തന്നെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും.
മഴവെള്ളം ഒഴുകിപ്പോകാൻ കാനയില്ലാത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ടൈൽ വിരിക്കുന്നതോടെ വലിയ കുഴികളിൽ വീണുള്ള അപകടങ്ങളെങ്കിലും ഇല്ലാതാകുമെന്ന് ആശ്വസിച്ചിരുന്ന പ്രദേശവാസികൾക്ക് ഉയരം കൂട്ടി ടൈൽ വിരിച്ചത് തലവേദനയാവുകയാണ്.
വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ റോഡിൻ്റെ ഉയരവ്യത്യാസം മനസ്സിലാക്കാൻ കഴിയാതെ വാഹനം തെന്നി തെറിക്കുന്നത് ഇവിടെ പതിവായി മാറി.
രാത്രിയിൽ അപകടസാധ്യത വളരെ കൂടുതലാണ്.
മൂന്ന് ബൈക്ക് യാത്രികരാണ് ഇതുവരെ ഇവിടെ തെന്നി വീണത്.
ഇനിയും അപകടങ്ങൾക്ക് കാത്തു നിൽക്കാതെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Leave a Reply