കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ

ഇരിങ്ങാലക്കുട : ജൂലൈ 2ന് രാത്രി കോണത്തുകുന്നിൽ വെച്ച് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ ഈ കേസിലെ ഒന്നാം പ്രതിയും ആളൂർ സ്റ്റേഷൻ റൗഡിയുമായ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ദിഖിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ.

വെള്ളാങ്ങല്ലൂർ സ്വദേശി വഞ്ചിപുര വീട്ടിൽ ആൻസൻ (32) എന്നയാളെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ കേസ്സിലെ ഒന്നാം പ്രതിയായ മിൽജോയെ ജൂലൈ 3ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

മറ്റ് പ്രതികളായ കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ നിഖിൽ (30) എന്നിവർ ആഗസ്റ്റ് 11ന് ആനന്ദപുരത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർന്ന കേസിൽ പിടിയിലായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെ ഇരുവരെയും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി വീണ്ടും കോടതിയിൽ ഹാജരാക്കി ഈ കേസിലേക്ക് കൂടി റിമാന്റ് ചെയ്തു.

ആൻസൻ കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ഉൾപ്പെടെ നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *