ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.
സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.
ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.
ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.












Leave a Reply