കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ്.

തുടർച്ചയായി ഒൻപതാം തവണയാണ് ക്രൈസ്റ്റ് കോളെജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. 2981 പോയിൻ്റുകൾ നേടി വ്യക്തമായ അധിപത്യത്തിലൂടെയാണ് ക്രൈസ്റ്റ് കോളെജ് ഒന്നാമതെത്തിയത്.

പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്നാമതെത്തിയതും ക്രൈസ്റ്റ് കോളെജ് തന്നെയാണ്.

ആരോഗ്യമുള്ള ഒരു യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോളെജ് മാനേജ്മെൻ്റിൻ്റെയും പരിശീലകരുടെയും വിദ്യാർഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് ക്രൈസ്റ്റ് കോളെജിനെ കായിക രംഗത്ത് തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികരംഗത്ത് തുല്യപ്രാധാന്യത്തോടെ നൽകുന്ന പരിശീലനമാണ് ഇരുവിഭാഗങ്ങളും മികച്ച് നിൽക്കാൻ ക്രൈസ്റ്റിനെ സഹായിക്കുന്നതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കിരീടം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *