ഇരിങ്ങാലക്കുട : കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിയണമെന്നും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്താൻ ക്രൈസ്തവർ പഠിക്കണമെന്നും കോട്ടപ്പുറം ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.
ഇരിങ്ങാലക്കുട രൂപത 48-ാം രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്കാ സഭയെ തകർക്കാനും തളർത്താനും പലകാലത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. ഇതിനെതിരെ വിശ്വാസികളും വൈദികരും സഭാപിതാക്കന്മാരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു പതിറ്റാണ്ടുകാലം ഇരിങ്ങാലക്കുട രൂപത ആത്മീയ, സാമൂഹിക, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ വിശ്വസ്തതയോടെ സുവിശേഷ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ആ വിശ്വസ്തതയുടെ കഥയാണ് ഇന്നലെകളിലെ രൂപതയുടെ ചരിത്രമെന്നും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.
ഈ യത്നത്തിൽ രൂപതയുടെ ശിൽപ്പിയും പ്രഥമ ബിഷപ്പുമായ മാർ ജെയിംസ് പഴയാറ്റിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി വിവിധ കാലങ്ങളിൽ പ്രവർത്തിച്ച വൈദികരും സന്യസ്തരും അൽമായ സഹോദരങ്ങളും ത്യാഗനിർഭരമായ സേവനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1978ൽ സ്ഥാപിതമായ ഇരിങ്ങാലക്കുട രൂപത, വൈദികരുടെയും സന്യസ്തരുടെയും വിശ്വാസി സമൂഹത്തിന്റെയും കൂട്ടായ്മയുടെയും പങ്കാളിത്തത്തിൻ്റെയും ഫലമായി സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കും വേണ്ടി നടത്തിയ വിവിധ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. സുവർണ ജൂബിലി ആഘോഷിക്കാൻ ഇരിങ്ങാലക്കുട രൂപത ഒരുങ്ങുന്ന വേളയിൽ കൂട്ടായ്മയുടെ ചൈതന്യത്തിൽ ഇനിയും നമുക്ക് മുന്നേറാനുണ്ടെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
രൂപതയുടെ സുവർണ ജൂബിലിക്ക് മുന്നോടിയായി 2025 സെപ്തംബർ 10 മുതൽ 2026 സെപ്തംബർ 10 വരെ ഇരിങ്ങാലക്കുട രൂപതയിൽ ക്രിസ്തീയ കുടുംബവർഷാചരണം നടത്തുമെന്ന് മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു.
സെൻ്റ് തോമസ് കത്തീഡ്രലിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലി മധ്യേ കുടുംബ വർഷാചരണത്തിൻ്റെ ലോഗോ പ്രകാശനം കോട്ടപ്പുറം ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം അദ്ദേഹം നിർവഹിച്ചു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു സമീപമുള്ള സ്പിരിച്വാലിറ്റി സെൻ്ററിൽ രൂപതയുടെ പൈതൃക മ്യൂസിയവും ആളൂർ ബിഎൽഎമ്മിനോടു ചേർന്നുള്ള രൂപത ലഹരി വിമുക്ത കേന്ദ്രമായ ‘നവചൈതന്യ’യുടെ നവീകരിച്ച കെട്ടിടവും മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
ആഘോഷ പരിപാടികളിൽ വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, മോൺ. ജോളി വടക്കൻ, കുടുംബ വർഷാചരണ കൺവീനർ റവ. ഡോ. ഫ്രീജോ പാറയ്ക്കൽ, സനീഷ്കുമാർ ജോസഫ് എംഎൽഎ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പ്രസംഗിച്ചു.
രൂപതയിലെ 141 ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വൈദികരും സന്യസ്തരും വിശിഷ്ടാതിഥികളും ചടങ്ങുകളിൽ പങ്കെടുത്തു.
Leave a Reply