കാറളത്ത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ആക്രമണം :പാർട്ടി പ്രവർത്തകന് കുത്തേറ്റു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 6 സീറ്റുകൾ സ്വന്തമാക്കിയ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അഴിച്ചു വിട്ട ആക്രമണത്തിൽ വിഷ്ണു എന്ന ബിജെപി പ്രവർത്തകന് കുത്തേറ്റതായി പരാതി.

സിബു ഏലിയാസ് ലൗലി എന്നയാളുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ സംഘം പ്രകടനത്തിനിടയിലേക്ക് പാഞ്ഞു കയറി വിഷ്ണുവിനെ കുത്തുകയായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

പൊലീസിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമായിരുന്നു പ്രകടനം നടത്തിയത്. അതിനാൽ തന്നെ സംഭവ സ്ഥലത്ത് പൊലീസിൻ്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

പരിക്കേറ്റ വിഷ്ണുവിനെ ആദ്യം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

വളരെ സമാധാനപരമായി നടത്തിയ പ്രകടനത്തിനു നേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

പ്രകടനത്തിനിടയിൽ അവരെ പ്രകോപിപ്പിക്കും വിധത്തിൽ പടക്കം പൊട്ടിക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഡിവൈഎഫ്ഐ ആക്രമണം അഴിച്ചു വിട്ടതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട പറഞ്ഞു.

പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ബിജെപി നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കോവിൽ പറമ്പിൽ, പ്രിയ അനിൽ, സുഭാഷ് പുല്ലത്തറ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *