ഇരിങ്ങാലക്കുട : കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാറളം ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടന വിവരം കേന്ദ്രമന്ത്രിയെ അറിയിക്കാതെ വിശിഷ്ടാഥിതി എന്ന് പേരും ഫോട്ടോയും വച്ച് പൊതുജനങ്ങളെ കബളിപ്പിച്ച് ഉദ്ഘാടനം നടത്തിയതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി പ്രതിഷേധം സംഘടിപ്പിച്ചു.
ജനകീയ ആരോഗ്യ കേന്ദ്രത്തിന് മുൻപിൽ നടത്തിയ പരിപാടിയിൽ വച്ച് നാട മുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ടയാണ് പ്രതീകാത്മക ഉദ്ഘാടനം നിർവ്വഹിച്ചത്.
മന്ത്രി ഡോ. ആർ. ബിന്ദുവും പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപും ഭരണസമിതിയും ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.
ഇതിൻ്റെ ബ്രോഷർ കണ്ടപ്പോൾ തന്നെ ഇത് തിരുത്തണമെന്നും കേന്ദ്രമന്ത്രിയുടെ അനുമതി വാങ്ങി ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും പ്രസിഡൻ്റിനോടും വൈസ് പ്രസിഡൻ്റിനോടും മറ്റും ആവശ്യപ്പെട്ടിരുന്നതായി കൃപേഷ് ചെമ്മണ്ട പറഞ്ഞു.
പ്രോട്ടോകോൾ അറിയാവുന്ന മന്ത്രി ബിന്ദുവും പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപും പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാഷണൻ ഹെൽത്ത് ഗ്രാൻ്റ് 5,55,000 രൂപ ചിലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചത്.
ബിജെപി കാറളം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ അനിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റുമാരായ അജയൻ തറയിൽ, രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, വാർഡ് മെമ്പർ സരിത വിനോദ്,
സെക്രട്ടറി ജോയ്സൺ, രാജൻ കുഴുപ്പുള്ളി, ഭരതൻ വെള്ളാനി, ഇ.കെ. അമരദാസ്, സോമൻ നായർ, കെ.ജി. രാമചന്ദ്രൻ, മുരളി എന്നിവർ നേതൃത്വം നൽകി.
Leave a Reply