ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : പത്ത് ലക്ഷം രൂപ തട്ടിയ പ്രതി എറണാകുളത്തു നിന്നും പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ എറണാകുളം കുമ്പളങ്ങിയിൽ നിന്നും അറസ്റ്റ് ചെയ്തു.

ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബി(29)നെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്.

വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് www.weex.com എന്ന വെബ്സൈറ്റിൽ ട്രേഡിംഗ് നടത്തിയ രാഗേഷിൽ നിന്ന് ജനുവരി 19നും 21നും ഇടയിൽ പല തവണകളായി 10,01780 രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.

ട്രേഡിങ് സൈറ്റിൽ 15 ലക്ഷം രൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോൾ പണം പിൻവലിക്കാൻ ടാക്സ് ഇനത്തിൽ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസ്സിലായത്.

തുടർന്ന് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്താണ് അന്വേഷണം നടത്തിയത്.

തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി 10000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ പിടികൂടിയത്.

നസീബിന്റെ ബാങ്ക് അക്കൗണ്ട് മുഖേന രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് അഞ്ച് ലക്ഷത്തി എണ്ണായിരത്തി അറുനൂറ് രൂപയാണ് കൈമാറ്റം ചെയ്തത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎഎസ്ഐ കെ.കെ. പ്രകാശൻ, ജിഎസ്‌സിപിഒ എം.എസ്. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *