ഇരിങ്ങാലക്കുട : ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്യിപ്പിച്ച് അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.
കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ സി. വിനീഷ് (39) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും 2024 ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് വിനീഷ് അറസ്റ്റിലായത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പരാതിക്കാരന് നഷ്ട്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000 രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എടുത്ത പുതിയ സിം കാർഡ്, അക്കൗണ്ടിന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി മറ്റൊരാൾക്ക് കൈമാറിയതായും ആയതിന് 10000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
വിനീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29,20,000 രൂപ നിയമവിരുദ്ധമായി വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതലായി അന്വേഷിച്ചതിൽ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ജിഎസ്ഐ കെ.വി. ജെസ്റ്റിൻ, സിപിഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.












Leave a Reply