ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കൽ, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, മോഷണം, ആയുധ നിയമപ്രകാരമുള്ള കേസുകൾ, അടിപിടി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായി പിന്നീട് കോടതി നടപടികളിൽ നിന്നും വിചാരണയിൽ നിന്നും ബോധപൂർവ്വം വിട്ടുനിന്ന് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി കോടതി പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി വാറണ്ടുകൾ പ്രകാരം 332 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ഊർജ്ജിതമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.
പിടിയിലായ പ്രതികളിൽ 2001ൽ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുടിക്കുന്നിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ ആലപ്പുഴ സ്വദേശിയായ ‘അച്ചാർ ബാബു’ എന്ന് വിളിക്കപ്പെടുന്ന മണ്ണാംപറമ്പിൽ വീട്ടിൽ ബാബുവും (73) പിടിയിലായി.
2001 ഒക്ടോബർ 11നാണ് സ്വത്ത് ഭാഗം വെച്ച് നൽകാത്തതിലുള്ള വൈരാഗ്യത്താൽ ഭാര്യയായ തിരുമുടിക്കുന്ന് സ്വദേശി പനങ്ങാട്ടുപറമ്പിൽ വീട്ടിൽ ദേവകി(35)യെ തിരുമുടിക്കുന്നിലുള്ള വീട്ടിൽ വെച്ച് ഇയാൾ കൊലപ്പെടുത്തിയത്.
ആളൂർ (12), അന്തിക്കാട് (4), അതിരപ്പിള്ളി (2), ചാലക്കുടി (13), ചേർപ്പ് (8), സൈബർ ക്രൈം പി.എസ്. (2), ഇരിങ്ങാലക്കുട (21), കയ്പമംഗലം (9), കാട്ടൂർ (36), കൊടകര (13), കൊടുങ്ങല്ലൂർ (29), കൊരട്ടി (11), മാള (26), മലക്കപ്പാറ (2), മതിലകം (28), പുതുക്കാട് (25), വാടാനപ്പിള്ളി (6), വലപ്പാട് (39), വരന്തപ്പിള്ളി (40), വെള്ളിക്കുളങ്ങര (6) എന്നീ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആകെ 332 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ 1992 മുതൽ 2025 വരെ വിവിധ വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുണ്ട്.
പ്രതികളെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി.












Leave a Reply