ഇരിങ്ങാലക്കുട : കോടതി ശിക്ഷ വിധിച്ചിട്ടും നിയമത്തിന് പിടികൊടുക്കാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 105 പ്രതികളെ തൃശൂർ റൂറൽ പൊലീസ് പിടികൂടി.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നേതൃത്വം നൽകിയ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ എന്ന പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയധികം പ്രതികൾ വലയിലായത്. പിടികൂടിയവരെയെല്ലാം വിവിധ കോടതികളിൽ ഹാജരാക്കി ശിക്ഷാ നടപടികൾക്കായി കൈമാറി.
രണ്ട് പതിറ്റാണ്ടിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്നവർ വരെ പിടിയിലായവരിലുണ്ട്. തൃശൂർ റൂറലിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 2001, 2007, 2009, 2015 വർഷങ്ങളിലെ അടിപിടിക്കേസുകളിലും പണം വാങ്ങി ഈടായി നൽകിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട 2000 മുതൽ 2018 വരെയുള്ള കാലയളവിലെ നിരവധി കേസുകളിലും ശിക്ഷിക്കപ്പെട്ടവർ ഒളിവിൽ പോയതിനെ തുടർന്ന് ബന്ധപ്പെട്ട കോടതികൾ ഇവരെ പിടികൂടുന്നതിനായി ജാമ്യമില്ലാ ശിക്ഷാവിധി വാറണ്ടുകൾ പുറപ്പെടുവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ പിടികൂടി വിവിധ കോടതിയിൽ ഹാജരാക്കിയത്.
ഇരിങ്ങാലക്കുട (9), കാട്ടൂർ (1), ചേർപ്പ് (5), അന്തിക്കാട് (5), മാള (18), ആളൂർ (1), ചാലക്കുടി (19), അതിരപ്പിള്ളി (1), കൊരട്ടി (5), കൊടകര (1), പുതുക്കാട് (3), വരന്തരപ്പിള്ളി (3), കൊടുങ്ങല്ലൂർ (9), മതിലകം (11), കൈപ്പമംഗലം (8), വലപ്പാട് (3), വാടാനപ്പിള്ളി (3) എന്നിങ്ങനെയാണ് ഓരോ പൊലീസ് സ്റ്റേഷനുകളിലും അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ കണക്ക്.












Leave a Reply