ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്റെ 87-ാം വാർഷികവും ശ്രീനാരായണഗുരുവിൻ്റെ 171-ാം ജയന്തി ആഘോഷവും വിവിധ ഓണാഘോഷ പരിപാടികളോടെ 5, 6, 7 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
5ന് നടക്കുന്ന ഓണാഘോഷ പരിപാടികൾ വൈകീട്ട് 5 മണിക്ക് സിനി ആർട്ടിസ്റ്റ് മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കലാകാരൻ രാജേഷ് തംബുരു മുഖാതിഥിയാകും.
7.30ന് തൃശൂർ കൂടൽ ഫോക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറും.
6ന് 10 മണിക്ക് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് കെ.വി. ദിനരാജ്ദാസൻ അധ്യക്ഷത വഹിക്കും.
ഉച്ചതിരിഞ്ഞ് 2.30 മുതൽ എസ്.എൻ.ജി.എസ്.എസ്. യൂത്ത് മൂവ്മെൻ്റും വനിതാ മൂവ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള കൈകൊട്ടിക്കളി മത്സരം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
തുടർന്ന് ലഹരിക്കെതിരെ കലാകാരൻ സി.പി. ജയപ്രകാശ് അവതരിപ്പിക്കുന്ന ഒറ്റയാൾ നാടകം “കുടമാറ്റം” അരങ്ങേറും.
വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക പ്രവർത്തകൻ ഡോ. രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും.
സെപ്തംബർ 7ന് പടിഞ്ഞാട്ടുംമുറി, വടക്കുംമുറി, കിഴക്കുംമുറി, തെക്കുംമുറി ശാഖകളുടെ നേതൃത്വത്തിൽ ആന, ശിങ്കാരിമേളം, താലം, വിവിധ കലാരൂപങ്ങൾ, ബാൻഡ് സെറ്റ്, കാവടി, തേര് തുടങ്ങി വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെ ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര അരങ്ങേറും.
രക്ഷാധികാരി സി.പി. ഷൈലനാഥൻ, പ്രസിഡൻ്റ് കെ.വി. ജിനരാജദാസൻ, ജനറൽ സെക്രട്ടറി വി.സി. ശശിധരൻ, ട്രഷറർ കെ.കെ. വത്സലൻ, സെക്രട്ടറി കെ.കെ. രാജൻ, ആഘോഷ കമ്മിറ്റി കൺവീനർ സി.പി. ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply