‘ഉദയം’ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : കാറളം വി.എച്ച്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ‘ഉദയം’ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കിഴുത്താണി ആർ.എം.എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനതല ക്യാമ്പ് പ്രോജക്ടുകളായ സഹജം സുന്ദരം, സേഫ്റ്റി സ്പാർക്ക്, വർജ്യം, മഹാസഭ, സാകൂതം, സുകൃതം, പ്രാണവേഗം സായന്തനം എന്നിവ നിർവഹിച്ചു.

സ്കൂളിൽ സംഘടിപ്പിച്ച മഹാസഭയിൽ സർവ്വേകൾ അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുകയും റിപ്പോർട്ട് കാറളം പഞ്ചായത്ത് പ്രസിഡൻ്റ് ശിവൻകുട്ടിക്ക് കൈമാറുകയും ചെയ്തു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ, മെമ്പർമാരായ പ്രിയ അനിൽ, വിജിൽ വിജയൻ, രാജൻ, പ്രദീപ് പട്ടാട്ട്, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതസേന പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകനായ റഷീദ് കാറളം തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങളായി കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജീവിതശൈലീരോഗ നിർണ്ണയ ക്യാമ്പും ഗ്രാമത്തിലെ മുന്നൂറോളം വീടുകളിൽ കിണർ ക്ലോറിനേഷനും നടത്തി.

കാറളം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ‘സുഖദം’ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു.

കഥാപ്രസംഗം, നാടകക്കളരി, പയനീർ പ്രോജക്ട്, ഡിജിറ്റൽ ലിറ്ററസി, സോപ്പ് നിർമ്മാണം, ചവിട്ടി നിർമ്മാണം, യോഗ പരിശീലനം, ചുമർചിത്ര രചന, ശ്രമദാനം തുടങ്ങിയ തനതു പരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *