ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം തടയൽ : ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല, സൗകര്യമൊരുക്കലാണ് വേണ്ടത് : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ സ്ഥാപിക്കുക, നിർത്തിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക, ഇരിങ്ങാലക്കുടയെ ജില്ലയിലെ രണ്ടാമത്തെ മുഖ്യ സ്റ്റേഷനാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് റെയിൽവേയ്ക്കെതിരെ ഉയർന്നു തുടങ്ങിയിട്ടുള്ളത്. ഇവയ്ക്ക് തെല്ലും വില കൽപ്പിക്കാതെ ജനകീയ ആവശ്യങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടിയിൽ ഉള്ളത്. ജനവിരുദ്ധ നടപടികളല്ല ജനകീയാവശ്യങ്ങൾ അംഗീകരിക്കലാണ് ഉണ്ടാവേണ്ടത്. ജനകീയ ആവശ്യങ്ങൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക് ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ എക്കാലത്തും താനുണ്ടാകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *