ഇരിങ്ങാലക്കുട : സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്കുള്ള വഴിയിൽ ഗേറ്റ് വയ്ക്കാൻ തീരുമാനിച്ച അധികൃതരുടെ നടപടി തടഞ്ഞ് നാട്ടുകാരും വിവിധ സംഘടനകളും.
റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും കിഴക്കുഭാഗത്തുള്ള പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ നാട്ടുകാർ ഉപയോഗിക്കുന്നത് ഈ വഴിയെയാണ്. മേൽപ്പാലത്തിലൂടെ ഏറെ ചുറ്റി വളഞ്ഞ് സഞ്ചരിക്കേണ്ടതിനാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് എളുപ്പത്തിൽ ഇവിടങ്ങളിലേക്ക് എത്താൻ പ്ലാറ്റ് ഫോമിലേക്കുള്ള വഴി നാട്ടുകാർ ഉപയോഗിക്കുന്നത്.
എന്നാൽ കാൽനടയാത്രക്കാർക്ക് അനുവദിച്ച വഴിയുടെ സമീപത്ത് തമ്പടിക്കുന്ന ഭിക്ഷാടകർ പരിസരം വൃത്തിഹീനമാക്കുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ശുചീകരണ തൊഴിലാളികൾക്ക് പോലും സ്റ്റേഷന്റെ വടക്കുഭാഗത്തേക്ക് കടന്നു ചെല്ലാനാകാത്ത വിധം ദുർഗന്ധം ആണെന്നും റെയിൽവേ അധികൃതർ പറയുന്നു.
കൂടാതെ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും കഞ്ചാവ് വില്പനയുമെല്ലാം ഇവിടെ നടക്കുന്നുണ്ടെന്നും പരാതികളുണ്ട്.
അതിനാൽ തന്നെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ച പ്രവർത്തി അടുത്ത ദിവസങ്ങളിൽ തന്നെ നടപ്പിലാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
രണ്ടു നൂറ്റാണ്ടായി ജനങ്ങൾ ഉപയോഗിച്ചിരുന്ന വഴി അപകടസാധ്യതയില്ലാത്ത വിധം ഉപയോഗിക്കാൻ സൗകര്യമുണ്ടാക്കണമെന്ന് കലേറ്റുംകര വികസന സമിതി മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ ആവശ്യപ്പെട്ടു.
സുരക്ഷിതമായി റെയിൽവേ ട്രാക്ക് മറികടക്കാൻ ഇരുവശവും പഴയ റോഡിനെ ബന്ധിപ്പിച്ച് നടപ്പാലം നിർമ്മിക്കും മുമ്പ് ഇതുവഴിയുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാൻ ആവില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ് പറഞ്ഞു.
ഗേറ്റ് സ്ഥാപിച്ചാലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ അനുവാദം നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.











Leave a Reply