ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള കടുത്ത അവഗണന : കൂട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ

കല്ലേറ്റുംകര : അനേക വർഷങ്ങളുടെ പഴക്കമുള്ളതും പ്രതിവർഷം 16 ലക്ഷത്തോളം യാത്രക്കാരും 6 കോടിയോളം രൂപ വരുമാനവുമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണനയിലാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പ്രസ്താവിച്ചു.

ഇത്രയും അവഗണന നേരിടുന്ന സ്റ്റേഷൻ കേരളത്തിൽ വേറെ ഇല്ലെന്നും റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും
കണ്ണ് തുറപ്പിക്കാൻ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേയുടെ അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കുകയും ചെയ്തു. ഈ റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറി, ബാത്ത്റൂം, കാന്റീൻ, ഇരിപ്പിടങ്ങൾ, മേൽക്കൂര, ലൈറ്റുകൾ, വാഹനങ്ങൾ സുരക്ഷിതമായി പാർക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഒന്നും തന്നെയില്ല.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള ഈ കടുത്ത അവഗണനക്കെതിരെ തുടർ സമരങ്ങൾക്ക് പാർട്ടി രൂപം നൽകുമെന്നും
തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പു നൽകി.

പാർട്ടി ആളൂർ മണ്ഡലം പ്രസിഡന്റ്‌ ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ, ജോസ് അരിക്കാട്ട്, ജോബി മംഗലൻ, എൻ. കെ. കൊച്ചുവാറു, നൈജു ജോസഫ്, ഷീല ഡേവിസ്, നെൽസൺ മാവേലി, ഷോളി അരിക്കാട്ട്, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *