ഇരിങ്ങാലക്കുട നഗരസഭ : യു ഡി എഫിൻ്റെ തേരോട്ടം തുടരുമോ ? എൽ ഡി എഫോ എൻ ഡി എയോ അധികാരം പിടിച്ചെടുക്കുമോ ?

ഇരിങ്ങാലക്കുട : നാടിൻ്റെ വികസനത്തിനായി തദ്ദേശ വിഷയങ്ങളിൽ തേരോട്ടം നടത്തി വികസന കുതിപ്പിന്റെ പത്രികകളും കയ്യിലേന്തി വിജയം മാത്രം ലക്ഷ്യമാക്കി നഗരസഭയിലെ 43 വാർഡുകളിലും സ്ഥാനാർത്ഥികൾ രാപ്പകലില്ലാതെ പ്രചരണ രംഗത്ത് ശക്തരായി മാറുന്ന കാഴ്ച്ചയാണ് ഇരിങ്ങാലക്കുടയിൽ കാണാനാവുന്നത്.

ജനവിധി തേടുന്ന 141 സ്ഥാനാർത്ഥികളുടെയും ലക്ഷ്യം വിജയകിരീടം ചൂടുന്ന 43 പേരിൽ ഒരാളാവുക എന്നതു തന്നെയാണ്. മുന്നണികളാകട്ടെ ചെയർമാൻ കസേരയും സ്വപ്നം കണ്ടുള്ള പ്രചരണമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്.

നഗരസഭയിലെ വീഥികൾ സ്ഥാനാർത്ഥികളെയും പാർട്ടി അണികളെയും കൊണ്ട് നിറയുമ്പോൾ 34 വാർഡുകളിലും നടക്കാൻ പോകുന്നത് കടുത്ത ത്രികോണമത്സരം തന്നെ എന്നതാണ് സത്യം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മാടായിക്കോണം വാർഡിൽ കഴിഞ്ഞ തവണ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മൊത്തം 521 വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ അംബിക പള്ളിപ്പുറത്ത് ജയിച്ചത്. രണ്ടാം സ്ഥാനത്തായിരുന്ന എൻഡിഎയുടെ വേണുപ്രിയ അനിൽകുമാർ കരസ്ഥമാക്കിയത് 327 വോട്ടുകൾ. 93 വോട്ടുകളായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നേടിയിരുന്നത്. ഇപ്രാവശ്യവും കടുത്ത മത്സരത്തിന് തന്നെയാണ് 15 വർഷമായി ഇടതുപക്ഷം വെന്നിക്കൊടി നാട്ടുന്ന മാടായിക്കോണം വാർഡ് സാക്ഷിയാകുന്നത്.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കൂടിയായ ആർ എൽ ശ്രീലാലിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ ചെയർമാൻ സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെടാൻ ഇടയുള്ള വ്യക്തിയാണ് ശ്രീലാൽ. രണ്ടു പ്രാവശ്യം കൗൺസിലറായ എൻഡിഎയുടെ ടി.കെ. ഷാജുവും യുഡിഎഫിന്റെ വിനീത് പള്ളിപ്പുറവും ശക്തരായ പോരാളികളായി എതിർ സ്ഥാനത്തുണ്ട്. കരുവന്നൂർ ബാങ്ക് വിഷയവും കുടിവെള്ളക്ഷാമവും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും, ആനാട്ടുകടവിലെ ടൂറിസം പദ്ധതിയുമെല്ലാം പ്രചാരണ ആയുധമാക്കിയാണ് ഇവിടെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് കളത്തിൽ ചുവടുറപ്പിച്ചിരിക്കുന്നത്.

യുഡിഎഫിന് ഭരണം ലഭിക്കുകയാണെങ്കിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരേ ഒരു പേര് എം.പി. ജാക്സൻ്റെതാണ്. ജാക്സൻ മത്സരിക്കുന്ന മുനിസിപ്പൽ ഓഫീസ് വാർഡിൽ കഴിഞ്ഞ തവണ യുഡിഎഫിന്റെ ഒ.എസ്. അവിനാഷ് വിജയിച്ചത് 222 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മൊത്തം 402 വോട്ടുകൾ നേടിയാണ്. ഇപ്രാവശ്യവും ഈ ഭൂരിപക്ഷം തന്റെ വിജയത്തിന് സഹായകമാകും എന്ന ഉറപ്പിലാണ് എം.പി. ജാക്സൺ. വാർഡിൽ 180 വോട്ടുകൾ എൽഡിഎഫും 158 വോട്ടുകൾ എൻഡിഎയും സ്വതന്ത്ര സ്ഥാനാർഥി 19 വോട്ടുകളും കഴിഞ്ഞ തവണ നേടിയിരുന്നു. ഈ കണക്കുകൾ തന്നെയാണ് എം.പി. ജാക്സന്റെ ആത്മവിശ്വാസത്തിന് പിന്നിൽ. ഈ ആത്മവിശ്വാസത്തെ തകർക്കാൻ ഉറപ്പിച്ച് തന്നെയാണ് എൻഡിഎയുടെ ആർ. ബാലസൂര്യനും എൽഡിഎഫിന്റെ മാർട്ടിൻ ആലേങ്ങാടനും പ്രചരണ രംഗത്ത് ശക്തരായി തുടരുന്നത്.

മൂർക്കനാട് വാർഡിൽ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങിയ നസീമ കുഞ്ഞുമോൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൊത്തം 431 വോട്ടുകൾ നേടി 55 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തൊട്ടു പിന്നാലെ 376 വോട്ടുകൾ നേടി യുഡിഎഫും ശക്തമായി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇപ്രാവശ്യവും വോട്ടർമാർ നസീമ കുഞ്ഞുമോനെ തന്നെ തുണയ്ക്കുമോ എന്ന് കണ്ടറിയണം. കാരണം വാർഡിൽ ഇക്കുറി മത്സര രംഗത്തുള്ളത് 5 സ്ഥാനാർത്ഥികളാണ്. കോൺഗ്രസിന്റെ ചിന്ത ധർമരാജനും, എൻഡിഎയുടെ സുദീപ സന്ദീഷും ഒപ്പം കെ.ബി. ശ്രീധരനും ഷിയാസ് പാളയംകോടും സ്വതന്ത്രരായി മത്സര രംഗത്തുണ്ട്.

തുടർച്ചയായി രണ്ടു പ്രാവശ്യവും തൻ്റെ വാർഡിൽ നിന്ന് വിജയിച്ച ആത്മവിശ്വാസത്തോടെ വീണ്ടും പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് കരുവന്നൂരിൽ എൽഡിഎഫിന്റെ അൽഫോൻസ തോമസ്. മൊത്തം 494 വോട്ടുകൾ നേടി 217 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൽഫോൻസ തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൻ്റെ വിജയം ഉറപ്പിച്ചത്. 217 വോട്ടുകൾ നേടി എൻഡിഎ ആണ് വാർഡിൽ രണ്ടാം സ്ഥാനത്ത് തേരോട്ടം നടത്തിയത്. ഇപ്രാവശ്യം യുഡിഎഫിന്റെ സിജോ ആൻ്റണിയും എൻഡിഎയുടെ പി.എൻ. സന്തോഷുമാണ് എതിർ സ്ഥാനത്ത് മത്സരിക്കുന്നത്. അതിനാൽ തന്നെ ജനവിധി എന്താകുമെന്നത് കണ്ടു തന്നെ അറിയണം.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷും, നിലവിലെ നഗരസഭ വൈസ് ചെയർമാനായ ബൈജു കുറ്റിക്കാടനും എൽഡിഎഫിന്റെ പി.സി. രഘുവും പോരാട്ടത്തിനിറങ്ങുന്ന മാപ്രാണം വാർഡ് ഇപ്രാവശ്യം ആരുടെ കൂടെ നിൽക്കും എന്നത് കണ്ടറിയേണ്ട വസ്തുത തന്നെയാണ്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി ആർച്ച അനീഷ് മൊത്തം 358 വോട്ടുകൾ നേടി കേവലം 2 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. തൊട്ടു പിന്നാലെ 356 വോട്ടുകൾ നേടി എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി കടുത്ത പോരാട്ടം നടത്തിയപ്പോൾ 287 വോട്ടുകൾ നേടി യുഡിഎഫും മത്സരരംഗത്ത് വേരുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഇപ്രാവശ്യത്തെ മാപ്രാണം വാർഡിലെ തെരഞ്ഞെടുപ്പ് നിർണായകമാണ്. മത്സരം കടുക്കുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ വികസന നേട്ടങ്ങൾ ഉയർത്തി പിടിച്ചാണ് ആർച്ച അനീഷും ബൈജു കുറ്റിക്കാടനും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. കോന്തിപുലംപാടത്തെ പ്രശ്നങ്ങൾ ഉയർത്തി കാണിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയും പ്രചരണ രംഗത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്.

യുഡിഎഫിന്റെ തന്നെ വിമതർ പത്രിക പിൻവലിക്കാതെ പോരാട്ടത്തിന് ഇറങ്ങുന്ന മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡിലും ഇപ്രാവശ്യം മത്സരം കടുക്കും. മൊത്തം 497 വോട്ടുകൾ നേടി 320 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യുഡിഎഫിന്റെ പി.ടി. ജോർജ്ജ് വാർഡിൽ വിജയക്കൊടി പാറിച്ചത്. എൽഡിഎഫ് 177 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി 29 വോട്ടുകളുമാണ് അന്ന് നേടിയത്. എന്നാൽ ഇക്കുറി യുഡിഎഫിൻ്റെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർക്കാൻ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു വിമതനും രംഗത്തുണ്ട്. ഇത് ഇവിടത്തെ വോട്ടുകളെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ജനങ്ങൾ ആർക്കൊപ്പമാണ് എന്നും മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുമോ എന്നതും കണ്ടറിയാം.

ശക്തമായ മത്സരത്തിനൊരുങ്ങുന്ന കാരുകുളങ്ങരയിൽ മുൻ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങിയത് കഴിഞ്ഞ തവണ മൊത്തം 570 വോട്ടുകൾ നേടി 186 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ എൻഡിഎ ആകട്ടെ ഈ വാർഡിൽ 384 വോട്ടുകളാണ് നേടിയത്. ഇപ്രാവശ്യം സുജയുടെ എതിർ സ്ഥാനാർത്ഥി ബിജെപി പാർലമെൻ്ററി പാർട്ടി നേതാവ് സന്തോഷ് ബോബനാണ്. 10 വർഷത്തെ കൗൺസിലർ പദവിയിലെ പ്രവൃത്തി പരിചയവുമായി ഇരുവരും രംഗത്തിറങ്ങുമ്പോൾ എൽഡിഎഫിന്റെ ഡേവിഡ് ചെമ്പകശ്ശേരിയും ആം ആദ്മി പാർട്ടിയുടെ ഡിക്സൺ കൂവക്കാടനും മത്സരരംഗത്തുണ്ട്. അതിനാൽ തന്നെ വാർഡിൽ പോരാട്ടച്ചൂട് കൂടുകയാണ്.

കൂടൽമാണിക്യം വാർഡിലും കടുത്ത ത്രികോണ മത്സരമാണ് ഇക്കുറി. നിലവിലെ കൗൺസിലർ സ്മിത കൃഷ്ണകുമാറിനെ തന്നെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മൊത്തം 459 വോട്ടുകൾ നേടി 211 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മിത കൃഷ്ണകുമാർ വിജയിച്ചത്. എന്നാൽ ഇപ്രാവശ്യം വാർഡ് തിരിച്ചു പിടിക്കാൻ ശക്തമായ സ്ഥാനാർത്ഥികളെ തന്നെയാണ് എൽഡിഎഫും യുഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. മുൻ കൗൺസിലർ കൂടിയായ കെ.എൻ. ഗിരീഷിനെയാണ് യു.ഡി.എഫ്. ഇക്കുറി ഇവിടെ അങ്കത്തട്ടിലിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിന്റെ എം.ആർ. ശരത്തും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ യുഡിഎഫും 16 സീറ്റുകൾ എൽഡിഎഫും 8 സീറ്റുകൾ എൻഡിഎയും തൂത്തുവാരി. നിലവിലെ കൗൺസിലിൽ ഏറ്റവും കൂടുതൽ സീറ്റു ലഭിച്ച മുന്നണി എന്ന നിലയിൽ യുഡിഎഫ് ഭരണം സ്വന്തമാക്കിയപ്പോൾ ഇപ്രാവശ്യം മൂന്നു മുന്നണികളും ഭരണം പിടിച്ചെടുക്കാനുള്ള തേരോട്ടം തന്നെയാണ് 43 വാർഡുകളിലും നടത്തിക്കൊണ്ടിരിക്കുന്നത്.
അതോ നിലവിലുള്ളതു പോലെ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഒരു തൂക്കു കൗൺസിലായിരിക്കുമോ ഇരിങ്ങാലക്കുടയിൽ വരിക ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഡിസംബർ 13 വരെ കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *