ഇരിങ്ങാലക്കുട : നഗരസഭയിലെ 43 വാർഡുകളിലായി സജ്ജമാക്കിയ 49 പോളിംഗ് ബൂത്തുകളിലും രാവിലെ 7 മണി മുതൽ തന്നെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താന് എത്തിയിരുന്നു.
49 പോളിംഗ് ബൂത്തുകളിലും പോളിംഗ് പ്രക്രിയ പൊതുവേ സമാധാനപരമായാണ് പര്യവസാനിച്ചത്.
മൊത്തം 54,905 വോട്ടർമാരുള്ളതിൽ 70.25% പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പലയിടത്തും പോളിംഗ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കേണ്ട അവസ്ഥയിലായി വോട്ടർമാർ.
കണ്ഠേശ്വരം 25-ാം വാർഡിൽ കൊരുമ്പിശ്ശേരി ലയൺസ് ക്ലബ്ബ് ഹാളിൽ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ ഒന്നര മണിക്കൂർ വരെ വരി നിൽക്കേണ്ടി വന്നു.
കാട്ടൂരിൽ മഹിളാ സമാജം വാർഡിൽ 5-ാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂറോളമായി മെഷീൻ കംപ്ലയിൻ്റായി വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് പുതിയ മെഷീൻ പുന:സ്ഥാപിച്ചിട്ടാണ് പോളിംഗ് പുനരാരംഭിച്ചത്.
നമ്പ്യാങ്കാവ് 8-ാം വാർഡിലെ ഹോളി ഫാമിലി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ മരിച്ചുപോയ വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം എതിർ പാർട്ടിക്കാർ തടഞ്ഞതായി വാർത്തയുണ്ട്.
മരിച്ചുപോയ വൃദ്ധയുടെ പേരിൽ മറ്റൊരു വൃദ്ധയെ കൊണ്ടുവന്ന വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പരാതിയെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വൃദ്ധയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു.
ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ഇടവേള ബാബുവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, അനുപമ പരമേശ്വരൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായിരുന്ന എം.പി. ജാക്സൺ എസ്.എൻ. സ്കൂളിലെ ബൂത്തിലും, സിനിമാതാരം ജൂനിയർ ഇന്നസെൻ്റ്, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ ഡോൺബോസ്കോ സ്കൂളിലെ ബൂത്തിലും, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്കൂളിലും, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ടൗൺ ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
പോളിംഗ് അവസാനിച്ചതിനു ശേഷമുള്ള നടപടി ക്രമങ്ങൾക്കു ശേഷം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട നഗരസഭയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേക്ക് തിരികെ എത്തിച്ചു.
13ന് ഇവിടെ വെച്ചാണ് നഗരസഭയുടെ വോട്ടെണ്ണൽ നടക്കുക.












Leave a Reply