ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായുള്ള അവസാന മിനുക്കു പണികളിലേക്ക് കടന്നു കഴിഞ്ഞു.
എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടത്തിന് 6 നിലകളാണുള്ളത്.
നിലവിൽ ഒ.പി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്.
ഒ.പി., കാഷ്വാലിറ്റി, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ യൂണിറ്റ്, ഐ.പി. വാർഡുകൾ, കൂടാതെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിയുടെ ഒരു ലബോറട്ടറി, റിസപ്ഷൻ, സ്റ്റോർ, ഫാർമസി, എക്സ്റേ, സ്കാൻ, ഇ.സി.ജി., മൈനർ ഒ.ടി., ഫീൽഡ് സ്റ്റാഫ് റൂം, ഡ്യൂട്ടി റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറായി കൊണ്ടിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി 19 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 20,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 6 നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
മുകളിലത്തെ നില എം.പി. സുരേഷ് ഗോപിയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലേക്കുള്ള ജനറൽ ആശുപത്രിയുടെ കവാടത്തിന്റെ പുനർ നിർമ്മാണവും ഇതോടൊപ്പം നടന്നു കൊണ്ടിരിക്കുകയാണ്.
മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ്
24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയും ഇവിടെ നിർമ്മിക്കുന്നത്.
തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന കവാടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Leave a Reply