ഇരിങ്ങാലക്കുട : ജീവനക്കാരുടെ ലഭ്യതക്കുറവു ചൂണ്ടിക്കാട്ടി നിരവധി സർവ്വീസുകൾ നിർത്തലാക്കിയ ഇരിങ്ങാലക്കുട ഡെപ്പോ അടച്ചു പൂട്ടാതിരിക്കാൻ നാട്ടുകാർ സംരക്ഷണ കവചമൊരുക്കുമെന്ന് കെ എസ് ആർ ടി സി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് പ്രഖ്യാപിച്ചു.
താൻ ഗവ ചീഫ് വിപ്പ് ആയിരിക്കുമ്പോൾ 2016ൽ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻ്ററിനെ സബ് ഡെപ്പോ ആക്കി ഉയർത്തുകയും, പോൾ മെല്ലിറ്റ് എന്ന അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ നിയമിക്കുകയും ചെയ്തെങ്കിലും തൻ്റെ പിൻഗാമികളായി എത്തിയ ജനപ്രതിനിധികളുടെ കെടുകാര്യസ്ഥത മൂലം ഇതിനെ വീണ്ടും ഓപ്പറേറ്റിങ് സെൻ്ററായി വ്യാഖ്യാനിക്കുകയുമാണ് ഉണ്ടായതെന്ന് സംരക്ഷണ സദസ്സ് ഉൽഘാടനം ചെയ്ത അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു. തനിക്ക് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത് നാട്ടുകാരുടെ പിന്തുണ കൂടി ഉണ്ടായതു കൊണ്ടാണ്. താൻ എം എൽ എ ആയിരിക്കുമ്പോൾ ഇവിടെ നിന്ന് 28 സർവ്വീസുകൾ നടത്തിയിരുന്നതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ട്. മറിച്ചുള്ള പ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും ഉണ്ണിയാടൻ വ്യക്തമാക്കി.
ചടങ്ങിൽ സംരക്ഷണ സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
സംരക്ഷണ സമിതി ജനറൽ കൺവീനർ സേതുമാധവൻ പറയംവളപ്പിൽ, നഗരസഭാ കൗൺസിലർമാരായ സന്തോഷ് ബോബൻ, കെ എം , സന്തോഷ്, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ഐ നജാഹ്, റിട്ട തഹസിൽദാർ ശ്രീധരൻ മുതിരപ്പറമ്പിൽ, ഹരികുമാർ തളിയക്കാട്ടിൽ
എന്നിവർ പ്രസംഗിച്ചു.












Leave a Reply