ഇരിങ്ങാലക്കുടയിൽ യുഡിഎഫ് കൊടുങ്കാറ്റ് ; വൻമരങ്ങൾ കട പുഴകി : കാൽനൂറ്റാണ്ട് തികച്ച ഭരണത്തിന് വീണ്ടും തുടർച്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വീണ്ടും യുഡിഎഫ് ഭരണത്തിലേക്ക്. കഴിഞ്ഞ 25 വർഷം തുടർച്ചയായി ഭരണം കയ്യാളുന്ന യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ 43ൽ 22 സീറ്റുകളും തൂത്തുവാരി തങ്ങളുടെ ഉരുക്കുകോട്ട ഉറപ്പിച്ചു.

നഗരത്തിലെ തകർന്ന റോഡുകൾ, ടൗൺ ബാങ്ക് പ്രശ്നം തുടങ്ങി കാൽനൂറ്റാണ്ടിന്റെ യുഡിഎഫ് ഭരണ അരക്ഷിതത്വങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ യുഡിഎഫിനെതിരെയുള്ള ആരോപണങ്ങൾ വോട്ടാക്കി മാറ്റാമെന്ന പ്രതിപക്ഷത്തിൻ്റെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

കഴിഞ്ഞ തവണ 41ൽ 16 സീറ്റിൽ വിജയിച്ച എൽഡിഎഫിന് ഇക്കുറി 12 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. എൻഡിഎയും 8ൽ നിന്ന് 6 ആയി കുറഞ്ഞു.

ഇപ്പോൾ വിജയിച്ച 3 സ്വതന്ത്രന്മാരിൽ രണ്ടുപേർ യുഡിഎഫ് അനുഭാവികളും ഒരാൾ എൽഡിഎഫ് സ്വതന്ത്രയുമാണ്. അതോടെ ഭരണപക്ഷത്തിന് 24 പേരുടെ പിന്തുണയാകും.

43 വാർഡുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ 24 ഇടങ്ങളിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തും 11 വാർഡുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തും തേരോട്ടം നടത്തിയതായി കാണാം.

ടൗൺ ബാങ്കിലെ പ്രശ്നങ്ങളിൽ പ്രതിപക്ഷം വിവാദ മുനമ്പത്ത് കയറ്റിയ എം.പി. ജാക്സൻ്റെ ശക്തമായ തിരിച്ചുവരവാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. നഗരസഭ ചെയർമാനാവുമെന്ന് ഉറപ്പുള്ള എം.പി. ജാക്സൺ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ ആലേങ്ങാടനേക്കാള്‍ 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. വാർഡിൽ ശക്തമായ ത്രികോണമത്സരം തന്നെയാണ് നടന്നതെന്നാണ് എൻഡിഎയുടെ വോട്ട് നിലയും സൂചിപ്പിക്കുന്നത്.

ഭൂരിപക്ഷം നേടിയാൽ ചെയർമാൻ സ്ഥാനത്തേക്ക് വരേണ്ടിയിരുന്ന സിപിഎം നേതാവ് ശ്രീലാലിനെ 20 വോട്ടുകൾക്ക് എൻഡിഎയുടെ ടി.കെ. ഷാജു തോല്പിച്ചത് കാലങ്ങളായി എൽഡിഎഫിന്റെ ചുവപ്പു കോട്ട എന്നു വിശേഷിപ്പിക്കാവുന്ന വാർഡിലാണ് –

കൗൺസിലറായിരുന്ന വാർഡിൽ വീണ്ടും അങ്കത്തിനിറങ്ങിയ ബിജെപി മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷിനെ 236 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ബൈജു കുറ്റിക്കാടൻ തറ പറ്റിച്ചത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

കടുത്ത മത്സരം നടന്ന വാർഡ് 27 കാരുകുളങ്ങരയിൽ വിജയിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ബിജെപിയുടെ നിലവിലെ പാർലമെൻ്ററി പാർട്ടി നേതാവായ സന്തോഷ് ബോബനെ അടിയറവു പറയിച്ചത് 33 വോട്ടിനാണ്.

മുൻസിപ്പൽ ഹോസ്പിറ്റൽ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഏറ്റു മുട്ടിയ വിമത സ്വതന്ത്ര സ്ഥാനാർത്ഥി സുജ ബിജു അക്കരക്കാരനേക്കാൾ 66 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി മാഗി വിൻസെന്റ് പള്ളായി നേടിയത്.

യുഡിഎഫിൻ്റെ തന്നെ മറ്റൊരു വിമതൻ ജോസഫ് ചാക്കോ അങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ച വാർഡ് 18 ചന്തക്കുന്നിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും മൂന്ന് അക്കത്തിലേക്ക് പോലും തങ്ങളുടെ വോട്ട് നില ഉയർത്താൻ സാധിച്ചില്ല. 359 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 458 വോട്ടുകൾ നേടിയാണ് ജോസഫ് ചാക്കോ നഗരസഭയിലേക്കുള്ള തൻ്റെ വരവറിയിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ തന്നെ ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതും ജോസഫ് ചാക്കോ തന്നെ.

ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയവരുടെ കണക്കുകൾ പരിശോധിച്ചാൽ രണ്ടാം സ്ഥാനത്ത് വാർഡ് 9 കുഴിക്കാട്ടുകോണത്ത് വിജയിച്ച എൽഡിഎഫിന്റെ കെ.വി. അജിത്കുമാറാണ്. 338 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അജിത്കുമാർ തൻ്റെ എതിരാളിയെ മുട്ടു കുത്തിച്ചത്.

കടുത്ത പോരാട്ടം നടന്ന വാർഡ് 26 കൊരുമ്പിശ്ശേരിയിൽ യുഡിഎഫിന്റെ നീതു സാംസനെ വെറും 3 വോട്ടുകൾക്കാണ് എൻഡിഎയുടെ ആര്യ സുമേഷ് തോൽപ്പിച്ചത്. കണക്കുകളിൽ ഏറ്റവും കുറഞ്ഞ വോട്ട് ഭൂരിപക്ഷവും ഇതാണ്.

Leave a Reply

Your email address will not be published. Required fields are marked *