ആറാട്ടുപുഴ മന്ദാരക്കടവ് ആറാട്ടിന് സജ്ജമാക്കി തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആറാട്ടിനായി മന്ദാരക്കടവ് വൃത്തിയാക്കി തുടങ്ങി.

പുഴയിൽ അടിഞ്ഞു കൂടിയ മൺകൂനകൾ ജങ്കാർ ഇറക്കി അതിന് മുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളി നീക്കിയാണ് വൃത്തിയാക്കുന്നത്.

നൂറ്റി അമ്പതോളം മീറ്റർ നീളത്തിലാണ് മണ്ണ് നീക്കുന്നത്.

ഊരകത്തമ്മതിരുവടി, ചേർപ്പ് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശ്ശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്കുന്ന് ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ഭഗവതിമാരും തൃപ്രയാർ തേവരും ആറാടുന്നത് ഈ മന്ദാരക്കടവിലാണ്.

പൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരം കടവിൽ ഗംഗാദേവിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് സങ്കല്പം. ഗംഗയുടെ വിശുദ്ധിയിൽ ആറാടാൻ നൂറ് കണക്കിന് ഭക്തർ ഒത്തുകൂടും.

തേവർക്കും ഊരകത്തമ്മ തിരുവടിക്കും ചേർപ്പ് ഭഗവതിക്കും അന്തിക്കാട് ഭഗവതിക്കും മന്ദാരക്കടവിൽ മണ്ഡപം ഒരുക്കാറുണ്ട്.

എട്ട് മണിക്കൂറോളം സമയം നീണ്ട് നിൽക്കുന്ന ആറാട്ടിൽ നിരവധി ഭക്തരും ആറാടും. പുഴയുടെ ഇരുകരകളിലും ശാസ്താംകടവ് പാലത്തിലും ആറാട്ട് കാഴ്ച കാണാൻ നിരവധി പേർ തടിച്ച് കൂടും.

പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണം കൊണ്ടും ഒപ്പം ആറാടുന്ന ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സമയ ദൈർഘ്യം കൊണ്ടും മന്ദാരക്കടവിൽ നടക്കുന്ന ആറാട്ട്
വേറിട്ട് നിൽക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *