ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കിത്തുടങ്ങി. തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്ന ഇരുന്നൂറ് കിലോ തുണി മന്ദാരക്കടവിൽ വെച്ച് പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്.
വലിയ 2 ചെമ്പുകളിൽ കാരവും സോപ്പ് പൊടിയും ഉപയോഗിച്ച് പുഴുങ്ങിയ തുണികൾ കൽപ്പടവുകളിൽ വെച്ചാണ് പച്ചപ്പട്ട കൊണ്ട് തല്ലിതിരുമ്പുന്നത്.
തുണിയിലെ കഞ്ഞിപ്പശ ഒഴിവാക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്. തുണികൾ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും. ഇത്തരം തുണികൾ ഉപയോഗിച്ചുണ്ടാക്കുന്ന കൈപ്പന്തങ്ങൾ കൂടുതൽ തെളിമയോടെ കൂടുതൽ സമയം കത്തും.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം യുവാക്കളാണ് ഇതിൽ പങ്കാളികളായത്.
രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്.
ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും.
ശാസ്താവിന്റെ
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.
ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയിൽ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും.
വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത് വൃശ്ചികത്തിൽ നാളികേരം ഉണക്കി ആട്ടി വെളിച്ചെണ്ണയാക്കി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്.
ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിൽ ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍ വെച്ചാണ് കൈപ്പന്തങ്ങള്‍ ഒരുക്കുക.












Leave a Reply