ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശൂർ റൂറൽ പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 6,16,00,000 രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ.
ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഠാണാ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമ്മിച്ച് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ, അടിയന്തര പ്രതികരണ സംവിധാനം പ്രവർത്തിക്കുന്ന കൺട്രോൾ റൂം എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് 5,68,00,000 രൂപയും, പകുതിയോളം പൂർത്തിയായ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 48,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സെപ്തംബർ 8ന് പുറത്തിറങ്ങി.
അടിയന്തര പ്രതികരണ സംവിധാനം 112 ഹെൽപ്പ് ലൈൻ നമ്പർ മുഖേന പൊതുജനങ്ങൾക്ക് പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണ്. നിലവിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
എന്നാൽ, പൊതുജനങ്ങൾക്ക് കൂടുതൽ വേഗതയോടെയും കാര്യക്ഷമതയോടെയും സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ കൺട്രോൾ റൂം സ്ഥാപിക്കും.
ദിനംപ്രതി വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി, ഇരിങ്ങാലക്കുട നഗരമധ്യത്തിലുള്ള ഠാണാ ജംഗ്ഷനിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കും.
ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ എന്നിവ നിരീക്ഷിച്ച് തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായ സംവിധാനങ്ങളും ഇവിടെ ഒരുക്കും.
സൈബർ കുറ്റവാളികൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നതിനും, പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതികൾ വഴി തൃശൂർ റൂറൽ പൊലീസ് മുന്നോട്ടുപോകുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.
അതേസമയം ഠാണാ ജംഗ്ഷനിലെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ച ഭൂമി കൂടൽമാണിക്യം ദേവസ്വത്തിന്റേതാണോ റൂറൽ ജില്ലാ പൊലീസിൻ്റെ അധീനതയിലുള്ള ഭൂമിയാണോ എന്നതിൻ്റെ തർക്കം തുടരുകയാണ്. കാലങ്ങളായി ആ ഭൂമിയിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും മറ്റുമുള്ള കത്തുകൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനാൽ തന്നെ കേസിലിരിക്കുന്ന ഭൂമിയിൽ നിർമ്മാണങ്ങൾ ഒന്നും തൽക്കാലം നടത്താൻ സാധിക്കില്ലെന്ന് ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ പറഞ്ഞു.
Leave a Reply