മതപരിവർത്തന നിരോധന നിയമം പിൻവലിക്കണം : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രയ്ക്ക് ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാർശകൾ നടപ്പിലാക്കും വരെയും കത്തോലിക്ക സമൂഹം സമര രംഗത്തായിരിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ജോളി വടക്കൻ, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, ഗ്ലോബൽ സെക്രട്ടറിമാരായ ഡോ. ജോസുകുട്ടി ഒഴുകയ്യിൽ, പത്രോസ് വടക്കുഞ്ചേരി, രൂപത കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

അനേകം പേർ പങ്കെടുത്ത പ്രകടനമായി ആൽത്തറയ്ക്കലെത്തിയ ജാഥയുടെ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പലിനെ രൂപത വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടൻ, റീന ഫ്രാൻസിസ്, സി.ആർ. പോൾ, കത്തിഡ്രൽ യൂണിറ്റ് പ്രസിഡന്റ് സാബു കൂനൻ എന്നിവർ ചേർന്ന് പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു.

രൂപത അതിർത്തിയായ കരുവന്നൂരിൽ പ്രാഥമിക സമ്മേളനവും ചാലക്കുടിയിൽ സമാപന സമ്മേളനവും നടത്തി.

നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യമുയർത്തിയ അവകാശ സംരക്ഷണയാത്ര ഒക്ടോബർ 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന പ്രകടനത്തോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *