ഇരിങ്ങാലക്കുട ഗവ ആയുർവ്വേദ ആശുപത്രി :
ഒരു കോടി രൂപ ചെലവാക്കി നവീകരിക്കുമെന്ന്
മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട : നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
സംസ്ഥാന സർക്കാരിൻ്റെ ഫണ്ടു കൂടി ഉപയോഗപ്പെടുത്തി ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി നവീകരണത്തിനൊരുങ്ങുന്നതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു.
ആകെ പദ്ധതി ചിലവിൻ്റെ 40 ശതമാനം തുകയാണ് സംസ്ഥാന സർക്കാർ നൽകുന്നത്.
നവീകരണത്തിൻ്റെ സമഗ്രമായ രൂപകല്പന സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് തയ്യാറായി വരികയാണ്.
നിലവിലെ സൗകര്യങ്ങൾ പരമാവധി ഉപയുക്തമാക്കുകയും അത്യാവശ്യം വേണ്ട അധിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു കൊണ്ടാണ് നവീകരണം പൂർത്തിയാക്കുക എന്നും മന്ത്രി പറഞ്ഞു.