ഏപ്രില്‍ 4, 5 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്തുമായി റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും

ഇരിങ്ങാലക്കുട : പൊലീസും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ – ചെലാന്‍ (E Challan) പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ 4, 5 തിയ്യതികളില്‍ ഇ- ചെലാന്‍ അദാലത്ത് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിനോട് ചേർന്നുള്ള കോൺഫറൻസ് ഹാളിൽ നടത്തും.

വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലീസ് വകുപ്പും മോട്ടോര്‍വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചെലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കുന്നതിന് തൃശ്ശൂർ റൂറൽ പൊലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ് വിഭാഗം) സംയുക്തമായാണ് ഇ- ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

അദാലത്തില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ ഒടുക്കാവുന്നതാണ്.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9747171399, 04802224007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. അറിയിച്ചു.

“എമ്പുരാന്” കത്രിക വെച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ബി.ജെ.പി.യുടെ ഫാസിസ്റ്റ് നയം : അഡ്വ. വി.എസ്. സുനിൽകുമാർ

ഇരിങ്ങാലക്കുട : “എമ്പുരാൻ” എന്ന സിനിമയ്ക്ക് കത്രിക വെച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ബി.ജെ.പി. നടത്തി വരുന്ന ഫാസിസ്റ്റ് നയമാണെന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി. എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു.

പടിയൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന വി.വി. രാമൻ ദിനവും പടിയൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിക്കാനും ഗുജറാത്ത് കലാപത്തിൽ ബി.ജെ.പി.യെയും നരേന്ദ്രമോദിയെയും വെള്ളപൂശാനുമാണ് സംഘപരിവാർ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം
കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ, അനിത രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ്, മരുളി മണക്കാട്ടുംപടി എന്നിവർ പ്രസംഗിച്ചു.

വി.ആർ. രമേഷ് സ്വാഗതവും, ടി.വി. വിബിൻ നന്ദിയും പറഞ്ഞു.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവ്

ഇരിങ്ങാലക്കുട: യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കാരുമാത്ര സ്വദേശി ഏറാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് സഗീറിന് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി.

ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

2018 ആഗസ്റ്റ് മുതൽ 2019 മാർച്ച് വരെയുള്ള വിവിധ കാലയളവിൽ മുഹമ്മദ് സഗീർ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബറിലാണ് സബ് ഇൻസ്പെക്ടർ പി.ജി. അനൂപ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അന്നത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോ ആണ് ആദ്യ അന്വേഷണം നടത്തിയത്.

തുടർന്ന് ഇൻസ്പെക്ടർ അനീഷ് കരീം അന്വേഷണം പൂർത്തിയാക്കി കേസിലെ കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്പെക്ടർ ജസ്റ്റിനും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി വിവീജ സേതുമോഹൻ ആണ് വിധി പ്രസ്താവിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഇരിങ്ങാലക്കുട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

എ.എസ്.ഐ. ആർ. രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

“വിശുദ്ധ ചാവറയച്ചൻ : ജീവിതവും സാഹിത്യകൃതികളും” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ. ഡോ. വിൽസൺ തറയിൽ വിശുദ്ധ ചാവറയച്ചൻ്റെ ജീവിതം ആസ്പദമാക്കി രചിച്ച “വിശുദ്ധ ചാവറയച്ചൻ : ജീവിതവും സാഹിത്യകൃതികളും” എന്ന പുസ്തകം കേരളസാഹിത്യ അക്കാദമി പുറത്തിറക്കി.

എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റായിരുന്ന ഡോ. കെ. സച്ചിദാനന്ദൻ പ്രകാശനം നിർവഹിച്ചു.

മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

വിശുദ്ധ ചാവറയച്ചൻ്റെ ജീവിതത്തിലെ വ്യത്യസ്ത മാനങ്ങളെപ്പറ്റി ഡോ. കെ. സച്ചിദാനന്ദൻ, ഡോ. സിറിയക് തോമസ്, പി.കെ. ഭരതൻ, സിഎംഐ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്ദിക്കര, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

പുസ്തക പ്രകാശന ചടങ്ങിനുശേഷം വിശുദ്ധ ചാവറയച്ചന്റെ ഖണ്ഡകാവ്യമായ ‘അനസ്താസിയയുടെ രക്തസാക്ഷ്യം’ എന്ന കൃതിയുടെ നാടകാവിഷ്കാരം അരങ്ങേറി.

ഡോ. വിൽസൻ തറയിൽ രചിച്ച് സുനിൽ ചെറിയാൻ സംവിധാനം നിർവഹിച്ച നാടകം ക്രൈസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് വേദിയിൽ അവതരിപ്പിച്ചത്.

മഴുവഞ്ചേരി തുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെടണം : സി.പി.ഐ.

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അടിയന്തിരമായി വിഷയം പരിഹരിക്കണമെന്നും സി.പി.ഐ. പടിയൂർ സൗത്ത് ലോക്കൽ സമ്മേളനം ഔദ്യോഗിക പ്രമേയം വഴി ആവശ്യപ്പെട്ടു.

സി.പി.ഐ. പടിയൂർ സൗത്ത് ലോക്കൽ സമ്മേളനം ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വി. രാമകൃഷ്ണൻ, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.

ടി.വി. വിബിൻ സ്വാഗതവും കെ.എ. ഗ്രീനോൾ നന്ദിയും പറഞ്ഞു.

ഇ.കെ. മണി, കെ.എ സുധീർ, കെ.എ. ഗ്രീനോൾ, മിഥുൻ പോട്ടക്കാരൻ, ടി.സി. സുരേഷ്, പി.യു. ദയേഷ് എന്നിവർ സമ്മേളനത്തെ നിയന്ത്രിച്ചു.

പാർട്ടിയുടെ മുതിർന്ന നേതാവ് സുഗതൻ കൂവേലി പതാക ഉയർത്തി. പ്രിയ അജയ്കുമാർ രക്തസാക്ഷി പ്രമേയവും മിഥുൻ പോട്ടക്കാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സെക്രട്ടറിയായി ടി.വി. വിബിനെയും അസി. സെക്രട്ടറിയായി കെ.എ. ഗ്രീനോളിനെയും തെരഞ്ഞെടുത്തു.

കാർഷിക വികസന ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നവീകരിച്ച ആമ്പല്ലൂർ ബ്രാഞ്ച് വരന്തരപ്പിള്ളി റോഡിൽ കുണ്ടുകാവ് ദേവസ്വം കോപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ഐ.ടി.യു. ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ ആർ. രാജേഷ്, അഗ്രികൾച്ചറൽ ഓഫീസർ അരുണിമ ബാബു, സി. മുരളി, ബാങ്ക് വൈസ് പ്രസിഡന്റ് രജനി സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

ബാങ്ക് ഡയറക്ടർമാരായ കെ.കെ. ശോഭനൻ, കെ.എൽ. ജെയ്സൺ, എ.സി. സുരേഷ്, പ്രിൻസൻ തയ്യാലക്കൽ, ഇ.വി. മാത്യു എന്നിവർ നേതൃത്വം നൽകി.

വേനലവധി ആനന്ദകരമാക്കാൻ മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പ്

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നടത്തുന്ന സമ്മർ ക്യാമ്പ് ശില്പിയും ചിത്രകല വിദഗ്ധനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ജിജി കൃഷ്ണ അധ്യക്ഷയായി.

വിനോദവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികൾ സമ്മർ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്നും അതിനായി എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ പ്രസംഗത്തിൽ പറഞ്ഞു.

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും മികച്ച നിലവാരത്തിലെത്തിക്കാനും അവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനും നമ്മൾ പ്രചോദനം നൽകണമെന്നും ഇതിനായി കലാകായിക മൂല്യങ്ങളെ ഉയർത്തിക്കൊണ്ടുള്ള ക്യാമ്പുകൾ ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണെന്നും തന്റെ ചില നേട്ടങ്ങളെ കുറിച്ച് പങ്കുവെച്ചുകൊണ്ട് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

കൂടാതെ ഏപ്രിൽ 21ന് തന്റെ കഴിവുകളെ കോർത്തിണക്കി കൊണ്ടുള്ള ചിത്ര ശില്പകല പ്രദർശനം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.ലളിത, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കെ ജി കോർഡിനേറ്റർ ആർ.രശ്മി സ്വാഗതവും അധ്യാപിക ഭവ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

സമ്മർ ക്യാമ്പിൽ പങ്കെടുക്കുവാൻ വിളിക്കേണ്ട നമ്പർ : 9496560818, 9497456968

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം 40-ാം വാര്‍ഷിക സെനറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം.ന്റെ 40-ാമത് വാര്‍ഷിക സെനറ്റ് സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

രൂപത കെ.സി.വൈ.എം. ചെയര്‍മാന്‍ ആല്‍ബിന്‍ ജോയ് അധ്യക്ഷത വഹിച്ചു.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ മുഖ്യാതിഥിയായി.

രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ഫെബിന്‍ കൊടിയന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ്, ജനറല്‍ സെക്രട്ടറി ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഐറിന്‍ റിജു, ട്രഷറര്‍ സിബിന്‍ പൗലോസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ്, എമില്‍ ഡേവിസ്, മെറിന്‍ നൈജു, സിന്‍ഡിക്കേറ്റ് അംഗങ്ങളായ നിഖില്‍ ലിയോണ്‍സ്, ഹിത ജോണി, വനിത വിംഗ് കണ്‍വീനര്‍ ഡയാന ഡേവിസ്, ജോയിന്റ് സെക്രട്ടറി മരിയ വിന്‍സെന്റ് എന്നിവർ പ്രസംഗിച്ചു.

വിശ്വാസത്തില്‍ വേരൂന്നി സ്‌നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശ്വാസത്തില്‍ വേരൂന്നി സ്‌നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍.

വിശ്വാസ പരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് രൂപതാതല ഉദ്ഘാടനം കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഇടവകയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിശ്വാസത്തില്‍ ആഴപ്പെട്ട് പ്രത്യാശയുടെ പ്രവാചകരാകാനും പ്രകാശത്തിന്റെ മക്കളാകുവാനും അവധിക്കാല വിശ്വാസ പരിശീലന ക്ലാസുകള്‍ അവസരമൊരുക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട വിദ്യാജ്യോതി വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു.

കരാഞ്ചിറ പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ഹെഡ്മാസ്റ്റര്‍ ടി.പി. ഷാജു, പള്ളി കൈക്കാരന്‍ ജീസന്‍ വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിജു എലുവത്തിങ്കല്‍, ടീം ലീഡര്‍ ബ്രദര്‍ ഗോഡ്വിന്‍ മാഞ്ഞൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക റൂബി ജൂബിലിയുടെ നിറവില്‍

ഇരിങ്ങാലക്കുട : വിശ്വാസത്തിന്റെയും, ഭക്തിയുടെയും, സാമൂഹ്യ സേവനത്തിന്റെയും 40 വര്‍ഷങ്ങളെ അനുസ്മരിച്ചുകൊണ്ട് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ദേവലയത്തിന്റെ റൂബി ജൂബിലി വര്‍ഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു.

റൂബി ജൂബിലി വര്‍ഷത്തിന്റെ ലോഗോയും വാര്‍ഷിക പദ്ധതിയും വികാരി ഫാ. അനൂപ് കോലങ്കണ്ണിയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷിജോ നെടുംപറമ്പിലും ചേര്‍ന്ന് വികാരി ജനറാളില്‍ നിന്ന് ഏറ്റുവാങ്ങി.

വാര്‍ഷിക പദ്ധതിയില്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും 40 വര്‍ഷത്തെ സ്മരണയ്ക്കായി 40 പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയില്‍ ആത്മീയ ഒത്തുചേരലുകള്‍, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രത്യേക നന്ദി ശുശ്രൂഷകള്‍ എന്നിവ ഉള്‍പ്പെടും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിലൂടെ, വിശ്വാസം ശക്തിപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക, നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.

ഫാ. അനൂപ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ ഷിജു നെടുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.