കനകം
ഇരിങ്ങാലക്കുട : കൽപ്പറമ്പ് വലിയാട്ടിൽ വീട്ടിൽ പരേതനായ രവി മേനോൻ ഭാര്യ കനകം (65) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 18) ഉച്ചയ്ക്ക് 1 മണിക്ക് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.
സഹോദരി : രാധ

കനകം
ഇരിങ്ങാലക്കുട : കൽപ്പറമ്പ് വലിയാട്ടിൽ വീട്ടിൽ പരേതനായ രവി മേനോൻ ഭാര്യ കനകം (65) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 18) ഉച്ചയ്ക്ക് 1 മണിക്ക് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.
സഹോദരി : രാധ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന ആരോപണവുമായി ക്ഷേത്രം തന്ത്രിമാർ രംഗത്തെത്തി.
മാല കഴകം ആചാരപരമായ പ്രവൃത്തിയാണോ എന്ന് സിവില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ക്ഷേത്രം തന്ത്രിമാര്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് തങ്ങൾ കത്തു നൽകിയിട്ടുണ്ടെന്നും അഞ്ച് തന്ത്രി കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങൾ പറഞ്ഞു.
കഴകം തസ്തികയിലേക്കുള്ള ഏതൊരു നിയമനവും ക്ഷേത്രത്തിന്റെ ആചാരം, പാരമ്പര്യം, നിയമപരമായ വ്യവസ്ഥകള്‍ എന്നിവ അനുസരിച്ചായിരിക്കണം എന്നാണ് ചട്ടം.
മാല കഴകം ക്ഷേത്രത്തിന്റെ മതപരമായ കാര്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന് പ്രത്യേകമായ ആചാരപരമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് മാല കഴകം നടത്തുന്നത്. ദേവന്റെ ചൈതന്യം നിലനിര്‍ത്തുന്നതിന് ആ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ എന്തെങ്കിലും വ്യതിയാനം വന്നാൽ അത് താന്ത്രിക നിയമങ്ങളുടെ ലംഘനത്തിലേക്ക് നയിക്കുമെന്നും, അതിന് പരിഹാര ക്രിയകള്‍ ആവശ്യമാണെന്നും തന്ത്രിമാർ സൂചിപ്പിച്ചു.
അതിനാല്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിനും അന്തസ്സിനും നഷ്ടവും നാശവും ഉണ്ടാക്കുന്ന ഈ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി തന്ത്രിമാരടക്കമുള്ളവരുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ശരിയായ നിര്‍വ്വഹണം നടത്തുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും നിയമപരമായ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
വിധിന്യായത്തില്‍ “കഴകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതപരമായ ഒന്നാണെങ്കില്‍ നിയമത്തിലെ സെക്ഷന്‍ 19 അനുസരിച്ച് ക്ഷേത്രം തന്ത്രി അംഗമായ ഒരു കമ്മിറ്റിക്ക് മാത്രമേ നിയമനം നടത്താന്‍ കഴിയൂ” എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 35 പ്രകാരവും, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളില്‍ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ അന്തിമ അധികാരി തന്ത്രിയായിരിക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ തിടുക്കത്തിലുള്ള ഈ നിയമനം മതനിയമങ്ങളുടെയും നിയമപരമായ വ്യവസ്ഥകളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് കത്തില്‍ പറയുന്നു. കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കാതെയാണ് നിയമന നടപടിയുമായി ദേവസ്വം മുന്നോട്ടു പോയതെന്നും ഇത് പുനരാലോചിക്കണമെന്നുമാണ് തന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരിങ്ങാലക്കുട : നാക് അക്രഡിറ്റേഷനിൽ “എ” ഗ്രേഡ് കരസ്ഥമാക്കിയ പുല്ലൂറ്റ് ഗവ കെ.കെ.ടി.എം. കോളെജിനുള്ള ആദരം കോളെജ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ടി.കെ. ബിന്ദു ശർമിള, നാക് കോർഡിനേറ്റർ ഡോ. കെ.കെ. രമണി എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങി.
നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എൻ.ഐ.ആർ.എഫ്., കെ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ കോളെജുകളെയും ആദരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുമായി ചേർന്ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച “എക്സലൻഷ്യ 2025” എന്ന പരിപാടിയിലാണ് ആദരം ഏറ്റുവാങ്ങിയത്.

ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖാന്തിരം കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി നിയമനം ലഭിച്ച കെ.എസ്. അനുരാഗിനെ പ്രസ്തുത തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ച കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെയും നിയമനം നേടിയ കെ.എസ്. അനുരാഗിനെയും അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയുള്ള നിയമനത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജ്ജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും സംബന്ധിച്ച ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ളതാണെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കുകയെന്ന ചുമതല നിറവേറ്റുക വഴി ദേവസ്വം നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യത്തെ പ്രവർത്തികമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നീതിക്കു വേണ്ടിയുള്ള കോടതിയുടെയും കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയുടെയും ഇടപെടലുകളെ അംഗീകരിക്കാനും വിവാദരഹിതമായി ഈ തീരുമാനത്തെ സ്വീകരിക്കാനും ഏവർക്കും കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഓർമ്മിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തി ക്ഷേത്രം തന്ത്രിമാർ ദേവസ്വത്തിന് കത്ത് നൽകിയെന്നത് ഖേദകരമാണെന്നും പരമ്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ചുള്ള ചാതുർവർണ്യ ആശയങ്ങൾ എന്നേ കാലഹരണപ്പെട്ടവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആധുനിക ജനാധിപത്യ സമൂഹത്തിന് ചേരാത്ത അത്തരം ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ അപലപനീയമാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട : പുല്ലൂർ മിഷൻ ആശുപത്രിക്ക് സമീപം ഉരിയച്ചിറയോട് ചേർന്ന് മലിനജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് മലിനജലം തള്ളിയതെന്ന് കരുതുന്നതായി പരാതിയിൽ പറയുന്നു.
തിരക്കേറിയ ഇരിങ്ങാലക്കുട – ചാലക്കുടി റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വഴിയാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുസ്സഹമായ ദുർഗന്ധമാണ് അനുഭവിക്കേണ്ടിവരുന്നത്.
മലിനജലം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ – അവിട്ടത്തൂർ – തൊമ്മാന യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം, സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ട്രഷറർ ഷിബു കാച്ചപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പൊലീസിലും ആരോഗ്യവിഭാഗത്തിലും പരാതി നൽകിയിട്ടുണ്ട്.

രാധാകൃഷ്ണ മേനോൻ
ഇരിങ്ങാലക്കുട : വടക്കേക്കര ലെയിനിൽ മഹാത്മാഗാന്ധി ലൈബ്രറിക്ക് സമീപം പുറക്കോട്ട് ആപ്പറമ്പത്ത് പി.എ. രാധാകൃഷ്ണ മേനോൻ (89) നിര്യാതനായി.
സംസ്കാരം നാളെ ഉച്ചയ്ക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ഭാര്യ : കണ്ണമ്പിള്ളിൽ രാജലക്ഷ്മി
മക്കൾ : നന്ദകുമാർ, ജയകുമാർ, ശ്രീകുമാർ
മരുമക്കൾ : സുപ്രിയ, രേഖ, ശ്വേത

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ജനതാ കോർണർ സ്വദേശി ആലുക്കത്തറ വീട്ടിൽ പ്രകാശൻ എന്നയാൾ സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിന് സൈഡ് തന്നില്ലെന്നും പറഞ്ഞ് ഉണ്ടായ തർക്കത്തെ തുടർന്ന് പ്രകാശനെയും കാറിൽ ഉണ്ടായവരെയും ആക്രമിച്ച പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു പ്രസാദ് (23), മാള സ്റ്റേഷൻ റൗഡി പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (19) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ പ്രകാശൻ സഞ്ചരിച്ചിരുന്ന കാർ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിയിടുവാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് കാർ ഓടിച്ചിരുന്ന പ്രകാശന്റെ സഹോദരൻ്റെ മകൻ ഷാനുമായി തർക്കം ഉണ്ടാവുകയും പ്രതികൾ ഹെൽമെറ്റ് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷൻ എന്നയാളെയും അസഭ്യം പറയുകയും പ്രകാശന്റെ കഴുത്തിന് നേരെ കത്തി വീശുകയുമായിരുന്നു.
സംഭവസ്ഥലത്തേക്ക് പ്രതികൾ വിളിച്ച് വരുത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനൊരുങ്ങുകയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
സ്ഥലത്തെ സംഘാർഷാവസ്ഥ കണ്ട് നാട്ടുകാരിലൊരാൾ അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചതനുസരിച്ച് ഉടൻതന്നെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐയും ഒരു സി.പി.ഒ.യും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതികളെ നിയന്ത്രിക്കാനാവാതെ വന്നതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതാണ് ഇവരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെത്തിച്ചത്.
വിഷ്ണു പ്രസാദിനെതിരെ പുതുക്കാട്, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, തൃശൂർ മെഡിക്കൽ കോളെജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുങ്കണ്ടം സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്.
മുഹമ്മദ് ഷാഫി കൊടുങ്ങല്ലൂർ, മാള സ്റ്റേഷൻ പരിധികളിലായി 3 അടിപിടിക്കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ പ്രതിയുമായ മുരിയാട് ഉളളാട്ടിക്കുളം വീട്ടിൽ മിൽജോ (29) എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് തടങ്കലിൽ ആക്കി.
ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയായ മിൽജോക്കെതിരെ മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശൂർ മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലും ആളൂർ സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂർ സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടിപിടി കേസും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർ ജോര്‍ജ്ജ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിബിന്‍, ആഷിക്, ശ്രീജിത്ത് എന്നിവരാണ് കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്.
ഈ വർഷം ഇതുവരെ തൃശൂർ റൂറൽ പരിധിയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്.
ഇതിൽ 57 ഗുണ്ടകൾ തടങ്കലിലാണ്. 112 ഗുണ്ടകൾക്കെതിരെ നാട് കടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
“ഓപ്പറേഷൻ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും ജൂനിയർ ഇന്നസെൻ്റ് ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ അമ്പിളി ജയൻ, അസോസിയേഷൻ രക്ഷാധികാരി വിങ് കമാണ്ടർ (റിട്ട) ടി എം രാംദാസ്, സെക്രട്ടറി കെ ഗിരിജ, ജോ സെക്രട്ടറി കെ ബാലകൃഷ്ണൻ, ട്രഷറർ ബിന്ദു ജിനൻ, എ സി സുരേഷ്, ഷാജി തറയിൽ, കെ ഹേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ പരിധിയിൽ പെട്ട മികച്ച കർഷകരേയും, 84 വയസ്സു കഴിഞ്ഞവരേയും യോഗത്തിൽ ആദരിച്ചു.
തുടർന്ന് സലിലൻ വെള്ളാനി അവതരിപ്പിച്ച നാടൻ പാട്ടുകളും, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്തംബർ 9 മുതൽ 15 വരെ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ വാരാഘോഷം സമാപിച്ചു.
ആഴ്ചതോറും നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത മനഃശാസ്ത്ര വിദ്യാർഥികളെ ഉൾപ്പെടുത്തി ആത്മഹത്യാ പ്രതിരോധ സെൽ രൂപീകരിച്ചു.
സൈക്കോളജിസ്റ്റ് സിജോ ജോസും അഡ്വ. പി. അർജുനും ചേർന്ന് പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
അതോടൊപ്പം ലിസണിങ് സർക്കിൾ, ബോധവൽക്കരണ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ സമാപനത്തിൽ അധ്യാപകർക്കായി ഗേറ്റ് കീപ്പേഴ്സ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബ്രൈറ്റ് പി. ജേക്കബ് ആണ് ക്ലാസിന് നേതൃത്വം നൽകിയത്.
പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, മനഃശാസ്ത്ര വിഭാഗം മേധാവി രന്യ എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിച്ചു.
മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എൻ.ആർ. അഭിനവ് ക്യാമ്പയിനിന് നേതൃത്വം നൽകി.